ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍ എം.പി. കുടുംബ സമേതം ഡല്‍ഹിയിലെത്തിയ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ചര്‍ച്ചകള്‍ നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ ജനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച നേതാവാണ് കെ. സുധാകരനെന്നും അദേഹം യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ വരുമെന്നും രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സുധാകരന്റെ പൂര്‍ണ സഹകരണം ഹൈക്കമാന്‍ഡ് ഉറപ്പാക്കി. സുധാകരനെ നേരത്തെ തന്നെ സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുധാകരനും പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇതോടെ പരിഹരിക്കപ്പെട്ടതായാണ് സൂചന.