ചെന്നൈ: തമിഴ്നാട്ടില്‍ ഭരണം നിലനിര്‍ത്താന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. സാമൂഹിക ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നതാണ് പുതിയ പ്രകടനപത്രിക. സ്ത്രീകള്‍ക്കുള്ള പ്രതിമാസ സഹായ ധനം 2000 രൂപയാക്കി വര്‍ധിപ്പിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷനും 2000 രൂപയാക്കി ഏകീകരിക്കും.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ഉറപ്പാക്കും. നെല്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കും. ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായം 9000 രൂപയാക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10000 പുതിയ ബസുകള്‍ നിരത്തിലിറക്കും. ഗ്രാമങ്ങളില്‍ 15000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. എല്ലാ ജില്ലകളിലും അത്യാധുനിക സ്റ്റേഡിയങ്ങള്‍ സ്ഥാപിക്കും. സ്ത്രീകള്‍ക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനായി 8000 രൂപയുടെ കൂപ്പണ്‍ നല്‍കും. പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനും പ്രത്യേക പദ്ധതി ഉണ്ടാകും.
ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ഭവന വായ്പാ സഹായങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കുന്നു.