ഗാസ സിറ്റി: ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം ഗാസയിൽ കടുത്ത നാശം വിതയ്ക്കുന്നതിനിടയിലും ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ഗാസയിലെ ക്രൈസ്തവർ ഓശാന ഞായർ ആഘോഷിച്ചു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളീ ഫാമിലി ചർച്ചിൽ നടന്ന തിരുക്കർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്.
യുദ്ധം മൂലം സർവ്വതും നഷ്ടപ്പെട്ട സാഹചര്യത്തിലും കുട്ടികളും മുതിർന്നവരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ളവർ ഈന്തപ്പനയോലകൾ കൈകളിലേന്തി വിശ്വാസപ്രഘോഷണം നടത്തി. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മാസങ്ങളായി തുടരുന്ന കുടിയിറക്കം, ക്ഷാമം, അരക്ഷിതാവസ്ഥ എന്നിവയിൽ നിന്ന് മോചനം തേടിയും സമാധാനത്തിനായും വിശ്വാസികൾ ഒത്തുചേർന്ന് പ്രാർത്ഥിച്ചു. നിലവിൽ ഈ ദേവാലയത്തോട് ചേർന്നുള്ള വളപ്പിൽ ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമായ നിരവധി കുടുംബങ്ങൾ അഭയാർത്ഥികളായി കഴിയുന്നുണ്ട്.
സുരക്ഷാ ഭീഷണിയെ തുടർന്ന് ജെറുസലേമിലെ പരമ്പരാഗതമായ ഓശാന പ്രദിക്ഷണം ഇത്തവണ അധികൃതർ റദ്ദാക്കിയിരുന്നു. ഇതിനിടെ വിശുദ്ധ നാടിന്റെ ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെയും കസ്റ്റോഡിയൻ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയും ഇസ്രയേൽ പൊലീസ് തടഞ്ഞത് വലിയ വാർത്തയായിരുന്നു. ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങളും വെല്ലുവിളികളും നിലനിൽക്കുമ്പോഴാണ് ഗാസയിലെ വിശ്വാസികൾ ഒത്തുചേർന്നത് എന്നത് ശ്രദ്ധേയമാണ്.
മരണത്തിന്റെ നിഴലിലും ക്രിസ്തുവിലുള്ള പ്രത്യാശ കൈവിടാതെ സമാധാനത്തിന്റെ നാളുകൾക്കായി കാത്തിരിക്കുകയാണ് ഗാസയിലെ ഈ ചെറിയ വിശ്വാസ സമൂഹം.