കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്നും സി.ബി.സി.ഐ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികള്‍ പരിഗണിച്ച് നടപടി വേണമെന്നും മെത്രാന്‍ സമിതി കത്തില്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് എല്ലാ എംപിമാര്‍ക്കും നിവേദനം നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്നാണ് സി.ബി.സി.ഐ നിലപാട്. ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സി.ബി.സി.ഐ മുന്നറിയിപ്പ് നല്‍കി.
നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോള്‍ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എന്‍ജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമര്‍ശിച്ചു.
അതേസമയം എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്ലില്‍ ബുധനാഴ്ച ലോക്സഭയില്‍ ചര്‍ച്ച നടക്കും. ഈ മാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലില്‍ ബുധനാഴ്ച ചര്‍ച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാല്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.