മുംബൈ: ദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഭാര്യയുടെ മേല്‍ കെട്ടിവെക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ ബന്ധങ്ങളിലെ തര്‍ക്കങ്ങള്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി.
കുടുംബ വഴക്ക്, മറ്റ് ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അതില്‍ ഭാര്യയ്‌ക്കെതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വ്യക്തമാക്കിയത്. ഒരാളെ ജീവനൊടുക്കാന്‍ ബോധപൂര്‍വം പ്രേരിപ്പിക്കുന്ന കൃത്യമായ ഉദ്ദേശ്യം ഉണ്ടെങ്കില്‍ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ സാധിക്കു എന്നും കോടതി ചൂണ്ടിക്കാട്ടി.
നിസാര കാര്യങ്ങളെച്ചൊല്ലിയുള്ള വഴക്കുകളോ, ഭര്‍ത്താവിനോട് പറയാതെ ഭാര്യ സ്വന്തം വീട്ടില്‍ പോകുന്നതോ ആത്മഹത്യാ പ്രേരണയായി കാണാന്‍ കഴിയില്ല. ഐപിസി 306-ാം വകുപ്പ് പ്രകാരം (ആത്മഹത്യാ പ്രേരണ) കേസെടുക്കണമെങ്കില്‍ പ്രതിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ പ്രേരണാപരമായ നടപടികള്‍ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
2019 നവംബറില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തിലാണ് ഇപ്പോള്‍ വിധി വന്നത്. മരുമകള്‍ നിരന്തരം വഴക്കിടാറുണ്ടെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ആരോപിച്ച് യുവാവിന്റെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണെന്നും അത് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.