ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടകരമായ നീക്കത്തിന് മുതിരരുതെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്.
2025 ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്നുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ആവശേഷിക്കെയാണ് ഈ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ അസ്വസ്ഥതകള്‍ മുതലെടുത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ പ്രതികരണം നിര്‍ണായകമായിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
'നമ്മുടെ അയല്‍ രാജ്യം നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടകരമായ നീക്കം നടത്താന്‍ ശ്രമിച്ചേക്കാം. അങ്ങനെയൊന്ന് സംഭവിച്ചാല്‍, ഇന്ത്യയുടെ പ്രതികരണം അഭൂതപൂര്‍വ്വവും നിര്‍ണായകവുമായിരിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ഓര്‍ക്കണം.
'ഉറി ആക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളായാലും പുല്‍വാമയ്ക്ക് ശേഷമുള്ള വ്യോമാക്രമണങ്ങളായാലും അല്ലെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറായാലും... ഞങ്ങള്‍ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്'- രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ 22 മിനിറ്റിനുള്ളില്‍ കീഴടക്കിയതെങ്ങനെയെന്ന് രാജ്നാഥ് സിങ് ഓര്‍മിപ്പിച്ചു. ഏപ്രില്‍ 22 ന് കാശ്മീരിലെ പഹല്‍ഗാമില്‍ ലഷ്‌കര്‍ ഭീകരര്‍ 25 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.
മൂന്ന് ദിവസത്തെ ഓപ്പറേഷനിടെ ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ക്കുകയും പ്രധാന സൈനിക താവളങ്ങളെ ആക്രമിക്കുകയും ചെയ്തു. അതില്‍ പലതും ഇപ്പോഴും അറ്റകുറ്റപ്പണിയിലാണ്.