കുരിശ്, തൂവാല, പാനപാത്രം: ക്രൈസ്തവ വിശ്വാസത്തിന്റെ മൂന്ന് പ്രധാന തിരുശേഷിപ്പുകൾ സ്പെയിനിൽ

കുരിശ്, തൂവാല, പാനപാത്രം: ക്രൈസ്തവ വിശ്വാസത്തിന്റെ മൂന്ന് പ്രധാന തിരുശേഷിപ്പുകൾ സ്പെയിനിൽ

മാഡ്രിഡ്: ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായ യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളുമായി ബന്ധപ്പെട്ട അതിപ്രധാനമായ മൂന്ന് തിരുശേഷിപ്പുകൾ സ്പെയിനിലെ വിവിധ ദേവാലയങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. യേശു വഹിച്ച കുരിശിന്റെ ഭാഗം, മുഖം ആവരണം ചെയ്ത തൂവാല, അന്ത്യ അത്താഴത്തിന് ഉപയോഗിച്ച പാനപാത്രം എന്നിവയാണ് ശാസ്ത്രീയ പഠനങ്ങളുടെയും പാരമ്പര്യത്തിന്റെയും പിൻബലത്തോടെ സ്പെയിനിൽ സൂക്ഷിച്ചിരിക്കുന്നത്.

കാന്റബ്രിയയിലെ സാന്റോ ടോറിബിയോ ഡി ലിയബാണ ഫ്രാൻസിസ്കൻ മൊണാസ്റ്ററിയിലാണ് കുരിശിന്റെ ഭാഗം സൂക്ഷിച്ചിരിക്കുന്നത്. എ.ഡി 324 ൽ വി. ഹെലേന രാജ്ഞി ജറുസലേമിൽ നിന്ന് കണ്ടെടുത്ത കുരിശിന്റെ ഭാഗമാണിത്. 1958-ൽ നടന്ന പരിശോധനയിൽ ഈ മരക്കഷണത്തിന് 2000 വർഷത്തിലധികം പഴക്കമുണ്ടെന്നും വിശുദ്ധ നാട്ടിലെ മരമാണിതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള തിരുശേഷിപ്പുകളുമായി ഇതിന് ഡി.എൻ.എ പൊരുത്തമുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

യേശുവിന്റെ മുഖം മൂടിയിരുന്ന തൂവാലഓവീഡോ കത്തീഡ്രലിലാണ് സംരക്ഷിച്ചിരിക്കുന്നത്. ടൂറിനിലെ തിരുക്കച്ചയിലെ അടയാളങ്ങളുമായി ഇതിന് വലിയ സാമ്യമുള്ളതായി സ്പാനിഷ് സെന്റർ ഫോർ സിൻഡനോളജി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വർഷത്തിൽ മൂന്ന് തവണ മാത്രമാണ് (ദുഖവെള്ളി, സെപ്റ്റംബർ 14, 21) ഇത് വിശ്വാസികൾക്കായി പ്രദർശിപ്പിക്കുന്നത്.

വലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ പാനപാത്രം അന്ത്യ അത്താഴ വേളയിൽ യേശു ഉപയോഗിച്ചതാണെന്നാണ് പാരമ്പര്യം. വിശുദ്ധ നാട്ടിൽ കണ്ടുവരുന്ന അഗേറ്റ് കല്ലുകൾ കൊണ്ട് നിർമ്മിച്ച ഈ പാനപാത്രത്തിന്റെ ആധികാരികത 1960 കളിൽ നടന്ന പഠനങ്ങളിൽ തെളിഞ്ഞിരുന്നു. 1982-ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ പാനപാത്രം ഉപയോഗിച്ച് ബലിയർപ്പണം നടത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.