വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ തുടങ്ങിവെച്ച പതിവുകളിൽ നിന്ന് വ്യത്യസ്തമായി മുൻഗാമികളുടെ പാരമ്പര്യം പിന്തുടർന്ന് ലിയോ പതിനാലാമൻ മാർപാപ്പ പെസഹാ വ്യാഴാഴ്ച്ചാ ചടങ്ങുകൾ നടത്തി. ജയിലുകൾ സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ രീതിക്ക് പകരം റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വെച്ചാണ് ലിയോ പതിനാലാമൻ പാപ്പ കാൽ കഴുകൽ ശുശ്രൂഷ നിർവ്വഹിച്ചത്.
കഴിഞ്ഞ 12 വർഷമായി ഫ്രാൻസിസ് മാർപാപ്പ ജയിലുകളിലെ അന്തേവാസികളുടെയും സ്ത്രീകളുടെയും ഇതര മതസ്ഥരുടെയും പാദങ്ങളാണ് കഴുകിയിരുന്നത്. എന്നാൽ ലിയോ പതിനാലാമൻ പാപ്പ റോം രൂപതയിലെ 12 വൈദികരുടെ പാദങ്ങൾ കഴുകിക്കൊണ്ട് പുരോഹിതർക്ക് നൽകുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇതിൽ 11 പേരും കഴിഞ്ഞ വർഷം അദേഹം തന്നെ വൈദിക പട്ടം നൽകിയവരാണ്.
"മറ്റുള്ളവരെ അടിച്ചമർത്തുമ്പോഴാണ് നാം ശക്തരെന്ന് കരുതുന്നത്. എന്നാൽ ക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിലൂടെ സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്തമായ മാതൃകയാണ് കാണിച്ചുതന്നത്," എന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ലോകമെമ്പാടും ക്രൂരതകൾ വർധിക്കുന്ന സാഹചര്യത്തിൽ പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കൊപ്പം നാം മുട്ടുമടക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
1985 മുതൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പിന്തുടർന്നുപോന്ന രീതിയിലേക്കാണ് ലിയോ പതിനാലാമൻ മടങ്ങിയത്. കുർബാനയും പൗരോഹിത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് വൈദികരുടെ പാദങ്ങൾ കഴുകുന്നതിലൂടെ പാപ്പ ഉയർത്തിക്കാട്ടിയത്.
അതേസമയം സഭയിൽ ലായക്കാരുടെ പങ്കിനെക്കുറിച്ചും പാപ്പ പ്രത്യേകം പരാമർശിച്ചു. മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നുണ്ടെന്നും ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കാൻ ലായക്കാരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.