ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇതുവരെ ഹോര്‍മുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യന്‍ കപ്പലുകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഇറാന്‍ ഇളവ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതുവഴി ഏറ്റവും കൂടുതല്‍ കപ്പലുകള്‍ കടത്തിവിടാന്‍ സാധിച്ചത് ഇന്ത്യയ്ക്കാണ്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്ന് പോകുന്ന ഈ പാത ഇറാന്‍ ഭാഗികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത്. ഏറ്റവും ഒടുവിലായി 'ഗ്രീന്‍ സാന്‍വി' എന്ന എല്‍പിജി ടാങ്കറാണ് ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തുന്നത്. ഇതിന് മുമ്പ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എലം എന്നി കപ്പലുകള്‍ ഈ പാതയിലൂടെ സുരക്ഷിതമായി കടന്ന് പോയിരുന്നു.
കൂടാതെ വരും ദിവസങ്ങളില്‍ ഗ്രീന്‍ ആശ, ജഗ് വിക്രം എന്നി രണ്ട് കപ്പലുകള്‍ക്കൂടി ഇന്ത്യയില്‍ എത്തും. നിലവില്‍ 15 ല്‍ അധികം ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകളും 485 ഓളം ഇന്ത്യന്‍ നാവികരും ഈ മേഖലയില്‍ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അമേരിക്ക, ഇസ്രയേല്‍ എന്നി രാജ്യങ്ങളുടെയും ഇവരുമായി പങ്കാളിത്തമുള്ള രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെയുള്ള പ്രവേശനം ഇറാന്‍ വിലക്കിയിട്ടുണ്ട്. കടലിടുക്കിന്റെ നിയണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഏറ്റെടുത്തതോടെ മേഖലയില്‍ കപ്പലുകള്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവാണ്.