കുടക് (കര്‍ണാടക): കുടകില്‍ ട്രെക്കിങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ(36) കണ്ടെത്തി. വനമേഖലയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
നാല് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയില്‍ ഐ.ടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ജി.എസ്. ശരണ്യയെ വ്യാഴാഴ്ചയാണ് കാണാതായത്.
വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ മടക്ക യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.
വനമേഖലയില്‍ സ്‌നിഫര്‍ ഡോഗുകളെയും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. വന്യമൃഗ ശല്യമുള്ള മേഖലയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ഏപ്രില്‍ രണ്ടിനാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ താമസിച്ച ശേഷം രാവിലെ 8.15 ഓടെയാണ് തടിയന്‍ഡമോള്‍ ട്രക്കിംഗ് തുടങ്ങിയത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേര്‍ന്ന് പോകാന്‍ ശരണ്യയോട് നിര്‍ദേശിച്ചിരുന്നു.
ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച ശരണ്യ ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ശരണ്യ കൂടെയുണ്ടായിരുന്നില്ല. പിന്നീടാണ് തിരച്ചില്‍ ആരംഭിച്ചത്.