പ്രകടന പത്രികയെച്ചൊല്ലി മലയോര മേഖലകളില്‍ പ്രതിഷേധം; ഒടുവില്‍ ബഫര്‍സോണിലടക്കം തിരുത്ത് വരുത്തി എല്‍ഡിഎഫ്

പ്രകടന പത്രികയെച്ചൊല്ലി മലയോര മേഖലകളില്‍ പ്രതിഷേധം; ഒടുവില്‍ ബഫര്‍സോണിലടക്കം തിരുത്ത് വരുത്തി എല്‍ഡിഎഫ്

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രികയിലെ വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ തിരുത്ത് വരുത്തി. ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫര്‍സോണ്‍ ഉണ്ടാക്കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും എന്നത് ഒഴിവാക്കി.

സംരക്ഷിത വന മേഖലകളിലും കോര്‍സോണിന് ചുറ്റും ബഫര്‍സോണ്‍ ഉണ്ടാക്കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും എന്നതും മുഴുവന്‍ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങള്‍ ആക്കി മാറ്റാന്‍ ഇക്കോ റെസ്റ്റോറേഷന്‍ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്.

ബഫര്‍സോണ്‍ സംബന്ധിച്ച് ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നില്‍ അവതരിപ്പിക്കും എന്നാണ് തിരുത്തല്‍. ബഫര്‍സോണില്‍ പ്രദേശവാസികളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് മാത്രം നിയന്ത്രണങ്ങളെന്നും മാറ്റം വരുത്തിയ ഭാഗത്ത് പറയുന്നു. പ്രകടന പത്രിക മലയോര മേഖലകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് തിരുത്തല്‍.

സംസ്ഥാന നിയമസഭ പാസാക്കിയ വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പിശക് സംഭവിച്ചത് തിരുത്തി വായിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. അതേ സമയം, എല്‍ഡിഎഫ് പ്രകടനപത്രികയിലെ വിവാദം മലയോരമേഖലകളില്‍ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.