ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കുക്കി വിമതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ഇംഫാലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞും അഞ്ച് വയസുകാരനായ സഹോദരനും ഇന്ന് മരണപ്പെട്ടതോടെയാണ് ജനരോഷം ആളിപ്പടര്‍ന്നത്. ഇവരുടെ പിതാവ് നിലവില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. കുട്ടികളുടെ അമ്മ ഗോഹട്ടിയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സഫോടനത്തില്‍ ഇവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം സമീപത്തെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചു. പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സേന പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഘര്‍ഷം നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പലയിടങ്ങളിലും റോഡ് ഉപരോധിച്ചുള്ള വന്‍ പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങള്‍ ഗവര്‍ണര്‍ താല്‍കാലികമായി റദ്ദാക്കി. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനും വിദ്വേഷ പ്രസംഗങ്ങളും മറ്റും വീഡിയോ വഴി പ്രചരിപ്പിച്ച് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് നടപടിയെന്ന് ഗവര്‍ണറുടെ ഔദ്യോഗിക ഉത്തരവില്‍ പറഞ്ഞു.
പ്രദേശത്ത് ഇപ്പോഴും കനത്ത സംഘര്‍ഷാവസ്ഥ തുടരുകയാണ്.