ടെഹ്‌റാന്‍: ലബനനില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇസ്രയേല്‍ നഗരമായ ടെല്‍ അവീവ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ലബനന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഇസ്രയേലിന് ഇറാന്റെ ഭീഷണി.
തെക്കന്‍ ലബനനിലെ സൈനിക നടപടി നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ ടെല്‍ അവീവില്‍ ആക്രമണം നടത്തുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ ചൊല്ലി ഇസ്രയേലും പാകിസ്ഥാനും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാറില്‍ ലബനനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അവകാശപ്പെടുന്നത്.
എന്നാല്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലബനന് ബാധകമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. പിന്നാലെ തെക്കന്‍ ലബനനിലെ നഗരങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ സൈന്യം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി മുഴക്കി ഇറാന്‍ രംഗത്ത് വന്നത്.