ന്യൂഡല്‍ഹി: യുറ്റിയൂബ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനും ഗൂഗിളിനും നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. ഐ.ടി മന്ത്രാലയത്തോടാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് മറുപടി തേടിയത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 4പിഎം ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
84 ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുള്ള തങ്ങളുടെ യൂട്യൂബ് ചാനല്‍ സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് ഇന്ത്യയില്‍ വിലക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ചാനലിനും 26 വീഡിയോകള്‍ക്കും മാര്‍ച്ചിലാണ് വിലക്ക് വന്നത്. എന്നാല്‍ ഇതിന് ഗൂഗിളോ മന്ത്രാലയമോ ഔദ്യോഗികമായി കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. നോട്ടീസ് നല്‍കാതെയാണ് നടപടിയെടുത്തത്. മാത്രമല്ല വിലക്കുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയെങ്കിലും രഹസ്യ സ്വഭാവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു.
തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ന്യായമായ അവസരം നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് തരുന്ന ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു. ദേശീയ സുരക്ഷയും പൊതുസമാധാനവും ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 12 ന് കേന്ദ്ര സര്‍ക്കാര്‍ 4പിഎം ന്യൂസ് എന്ന യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ തടഞ്ഞത്.
സര്‍ക്കാരിനെതിരെയുള്ള തന്റെ നിശിത വിമര്‍ശനങ്ങളാണ് ഈ വിലക്കിന് കാരണമെന്ന് ചാനലിന്റെ എഡിറ്ററായ സഞ്ജയ് ശര്‍മ ആരോപിച്ചു. ചാനലിന് നേരെ ഇതിനു മുന്‍പും പല തവണ നടപടികള്‍ ഉണ്ടായിട്ടുണ്ട്. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ എങ്ങനെ ആ പ്രദേശത്ത് പ്രവേശിച്ചു എന്ന് തന്റെ വീഡിയോകളിലൂടെ ചോദിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷവും ചാനല്‍ പൂട്ടിച്ചിരുന്നതായി ശര്‍മ പറയുന്നു.