ഇസ്ലമബാദ്: പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇടപെട്ടതോടെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇസ്രയേലിനെതിരെ ഇട്ട സാമൂഹിക മാധ്യമ പോസ്റ്റ് ഡിലീറ്റ് ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ആസിഫിന്റെ പരാമര്‍ശങ്ങള്‍ ഇസ്രയേലില്‍ നിന്നടക്കം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു.
സ്വന്തം മന്ത്രിമാരെ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണ സംവിധാനമാണ് പാകിസ്ഥാനിലെന്ന് അമേരിക്ക വിലയിരുത്തിയേക്കാമെന്ന ഭീതിയിലാണ് പോസ്റ്റ് പെട്ടെന്ന് നീക്കാന്‍ ഖ്വാജ ആസിഫിന് അസിം മുനീര്‍ നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലമബാദിലാണ് അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നത്.
ഈ സമയത്ത് ആസിഫിന്റെ ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ മൂലം മധ്യസ്ഥത തകര്‍ന്നാല്‍ ഗള്‍ഫില്‍ വീണ്ടും ശത്രുത ഉണ്ടാകാനും ആഗോള എണ്ണ വില വര്‍ധിക്കാനും ഇടയാക്കും.
അത് പാകിസ്ഥാന്റെ ഊര്‍ജ സുരക്ഷയെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കുമെന്നാണ് സൈനിക നേതൃത്വം ഭയക്കുന്നത്. ഇപ്പോള്‍ തന്നെ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന പാകിസ്ഥാന് ഊര്‍ജ ദൗര്‍ലഭ്യം കൂടി വന്നാല്‍ അത് പണപ്പെരുപ്പത്തിനും അത് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനും കാരണമാകും.
സാമ്പത്തിക പ്രതിസന്ധി ആഭ്യന്തരമായ അസ്ഥിരതയിലേക്ക് നയിക്കും. ഇത് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് കൂടുതല്‍ സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നതിന് കാരണമാകും. നിലവില്‍ ഏറെ അസ്വസ്ഥത നിലനില്‍ക്കുന്ന ബലൂച്, ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലകളില്‍ പാക് വിരുദ്ധ സംഘങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് അത് കാരണമാകും.
മാത്രമല്ല, പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രകോപനപരമായ പോസ്റ്റ് നിഷ്പക്ഷ രാജ്യമെന്ന വിശ്വാസ്യത പാകിസ്ഥാന് നഷ്ടപ്പെടുത്താന്‍ ഇടയാക്കിയേക്കുമെന്നും സൈനിക നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
പാകിസ്ഥാനിലെ സൈനിക-സിവില്‍ ഭരണ നേതൃത്വങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെങ്കിലും ആഭ്യന്തര സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളിലും വിദേശ നയ രൂപീകരണത്തിലും ഭരണകൂടത്തിനേക്കാള്‍ പാക് സൈന്യത്തിനാണ് നിയന്ത്രണം കൂടുതല്‍.
ഇത് തെളിയിക്കുന്നതാണ് ഖ്വാജ ആസിഫിന്റെ എക്സ് പോസ്റ്റ് പെട്ടെന്ന് നീക്കം ചെയ്ത സംഭവം. അമേരിക്ക-ഇറാന്‍ ചര്‍ച്ചകളടക്കം നിര്‍ണായക നയതന്ത്രപരമായ ഇടപാടുകളില്‍ പാക് സിവിലിയന്‍ ഭരണകൂടത്തിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളു. ഇക്കാര്യത്തില്‍ സൈനിക നേതൃത്വവും സിവിലന്‍ ഭരണകൂടവും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.