നൈജീരിയയിൽ തീവ്രവാദികളെ ലക്ഷ്യം വെച്ചുള്ള സൈനികാക്രമണം പാളി; ചന്തയിൽ ബോംബ് വീണ് നൂറിലധികം മരണം

നൈജീരിയയിൽ തീവ്രവാദികളെ ലക്ഷ്യം വെച്ചുള്ള സൈനികാക്രമണം പാളി; ചന്തയിൽ ബോംബ് വീണ് നൂറിലധികം മരണം

മൈദുഗുരി: വടക്കു കിഴക്കൻ നൈജീരിയയിൽ ഭീകരരെ ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ വൻ ദുരന്തം. പ്രാദേശിക ചന്തയിൽ ബോംബ് പതിച്ചതിനെത്തുടർന്ന് കുട്ടികളടക്കം നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം യോബ് സംസ്ഥാനത്തെ അതിർത്തി ഗ്രാമത്തിലാണ് സംഭവം.

നിരോധിത വിഘടനവാദി ഗ്രൂപ്പായ ബോക്കോ ഹറാം പ്രവർത്തകർ ചന്തയിൽ ഒത്തുകൂടി ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്നാണ് വ്യോമസേന വിമാനങ്ങൾ ആക്രമണം നടത്തിയത്. എന്നാൽ ലക്ഷ്യം തെറ്റിയ ബോംബുകൾ ജനത്തിരക്കേറിയ ചന്തയിൽ പതിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നിഷ്കളങ്കരായ ഗ്രാമീണരാണെന്ന് അംനസ്റ്റി നൈജീരിയ ഡയറക്ടർ ഇസ സനൂസി സ്ഥിരീകരിച്ചു.

സംഭവത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും സൈന്യം പിഴവ് സമ്മതിക്കാൻ തയ്യാറായിട്ടില്ല. ഭീകരരുടെ താവളങ്ങളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും വിജയകരമായി തകർത്തുവെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ സൈന്യം അവകാശപ്പെടുന്നത്. നിരോധിത മേഖലകളിൽ മോട്ടോർ സൈക്കിളുകളിൽ സഞ്ചരിക്കുന്നവരെ ഭീകരരായി കണക്കാക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

നൈജീരിയൻ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പിഴവുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2017 ന് ശേഷം മാത്രം സൈനിക നീക്കങ്ങൾ പാളിയതിനെത്തുടർന്ന് അഞ്ഞൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പരിക്കേറ്റ നിരവധി പേരെ ഗെയ്ദാം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന സൂചന. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം മനുഷ്യാവകാശ സംഘടനകൾ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.