ലോകമൊട്ടാകെ പ്രതിഷേധം, വിമര്‍ശനം; സ്വയം യേശുവായി പ്രത്യക്ഷപ്പെട്ട വിവാദ ചിത്രം നീക്കി ട്രംപ്

ലോകമൊട്ടാകെ പ്രതിഷേധം, വിമര്‍ശനം; സ്വയം യേശുവായി പ്രത്യക്ഷപ്പെട്ട വിവാദ ചിത്രം നീക്കി ട്രംപ്

വാഷിങ്ടണ്‍: തന്നെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പോലും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സ്വയം യേശുവായി ചിത്രീകരിച്ച വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഈ ചിത്രത്തില്‍, ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരുന്നത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ലോകമെമ്പാടു നിന്നും കനത്ത വിമര്‍ശനമാണുയര്‍ന്നു വന്നത്.

തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും വൈകാതെ ചിത്രം ഡിലീറ്റ് ചെയ്തു. വെള്ള ളോഹയും ചുവന്ന ഷാളും ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയില്‍ പ്രകാശം ചൊരിയുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു ക്രിസ്തു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകള്‍ക്ക് സമാനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും അമേരിക്കന്‍ പതാകയും യുദ്ധ വിമാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 'താന്‍ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്' എന്നാണ് ചിത്രം പങ്കുവെച്ചതിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ക്രൈസ്തവ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരമൊരു ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോണ്‍ ഫ്യൂച്ച് പ്രതികരിച്ചു.  ദൈവത്തെ പരിഹസിക്കരുത് എന്നാണ് പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റ് റൈലി ഗെയിന്‍സ് പ്രതികരിച്ചത്.

ചിത്രം എല്ലാ പരിധികളും ലംഘിച്ചുവെന്നും വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്കിലെ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ബ്രോഡിയും വ്യക്തമാക്കി. ട്രംപിന്റെ മുന്‍പത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകളും ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു ഫെബ്രുവരിയില്‍ ബറാക് ഒബാമയെയും മിഷേല്‍ ഒബാമയെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത് പ്രതിഷേധത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.

ഈ വിവാദ ചിത്രം പങ്കുവെക്കുന്നതിന് തൊട്ടുമുന്‍പ് ട്രംപ് മാര്‍പാപ്പ ലിയോ പതിനാലാമനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മാര്‍പാപ്പ വിദേശനയങ്ങളില്‍ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദുര്‍ബലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

തനിക്ക് ട്രംപ് ഭരണകൂടത്തെയോ, സുവിശേഷ സന്ദേശം ഉറക്കെ പറയുന്നതിനോ ഭയമില്ലെന്ന് മാര്‍പാപ്പയും തിരിച്ചടിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ക്ഷമ ചോദിക്കാന്‍ ട്രംപ് തയ്യാറായില്ലെന്ന് മാത്രമല്ല, മാര്‍പാപ്പയുടെ നിലപാടുകള്‍ തെറ്റാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.