ഫ്രാന്‍സിസ് പാപ്പ തന്റെ വാഹനം നല്‍കിയത് തീവ്രവാദികള്‍ക്കല്ല; ഗാസയിലെ കുരുന്നുകള്‍ക്കായാണ്: വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയുക

ഫ്രാന്‍സിസ് പാപ്പ തന്റെ വാഹനം നല്‍കിയത് തീവ്രവാദികള്‍ക്കല്ല; ഗാസയിലെ കുരുന്നുകള്‍ക്കായാണ്: വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയുക

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തിട്ട് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദേഹത്തിന്റെ ഔദ്യോഗിക വാഹനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ ക്രൈസ്തവ സമൂഹത്തിന് ആകുലത.

മാര്‍പാപ്പ തന്റെ ഔദ്യോഗിക വാഹനം വിറ്റ് തീവ്രവാദികള്‍ക്ക് പണം നല്‍കി എന്ന പ്രചാരണമാണ് വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ പടച്ചു വിടുന്നത്. എന്നാല്‍ ഈ പ്രചാരണത്തില്‍ സത്യത്തിന്റെ ഒരു കണിക പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മരിക്കുന്നതിന് മുന്‍പുള്ള ഏകദേശം 19 മാസക്കാലം ഗാസയിലെ കത്തോലിക്കാ വൈദികന്‍ ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലിയെ പാപ്പ ദിവസവും ഫോണില്‍ വിളിക്കുമായിരുന്നു. ഓരോ രാത്രിയും എട്ടു മണിക്ക് ആ വിളി ഗാസയിലെ ഹോളി ഫാമിലി ഇടവകയില്‍ എത്തുമായിരുന്നു.

അവിടെ അഭയം പ്രാപിച്ച അഞ്ഞൂറോളം വരുന്ന അഭയാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അദേഹം ചോദിച്ചറിയും. സ്വന്തം ആരോഗ്യ സ്ഥിതി മോശമായിരുന്നപ്പോഴും ഗാസയിലെ കുട്ടികള്‍ സുരക്ഷിതരാണോ എന്നും അവര്‍ക്ക് ഭക്ഷണം ലഭിച്ചോ എന്നും അദേഹം ഉറപ്പു വരുത്തിയിരുന്നു.

തന്റെ ഔദ്യോഗിക വാഹനമായ 'പോപ്പ് മൊബീല്‍' ഗാസയിലെ കുരുന്നുകള്‍ക്കായി നല്‍കുക എന്നത് മരിക്കുന്നതിന് തൊട്ടുമുമ്പ് പാപ്പ പ്രകടിപ്പിച്ച അവസാന ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. ഈ വാഹനം അത്യാധുനിക സൗകര്യങ്ങളുള്ള ഒരു 'മൊബൈല്‍ ക്ലിനിക്ക്' (Vehicle of Hope) ആയി രൂപാന്തരപ്പെടുത്തുകയാണ് ചെയ്തത്.

യുദ്ധഭൂമിയില്‍ കൃത്യമായ ചികിത്സയോ വാക്‌സിനുകളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ക്ക് അരികിലേക്ക് മരുന്നും സാന്ത്വനവുമായി ഈ വാഹനം എത്തണമെന്ന് അദേഹം ആഗ്രഹിച്ചു. ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലി മുഖേന വത്തിക്കാന്‍ ഈ മൊബൈല്‍ ക്ലിനിക്ക് കാരിത്താസ് ജറുസലേമിന് കൈമാറുകയാണ് ചെയ്തത്. അല്ലാതെ ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്കല്ല.

2025 ഏപ്രില്‍ 21 നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. അതിന് രണ്ട് ദിവസം മുമ്പ് 2025 ഏപ്രില്‍ 19 നായിരുന്നു അദേഹം അവസാനമായി ഫാ. ഗബ്രിയേലിനെ വിളിച്ചത്. വിറയ്ക്കുന്ന ശബ്ദത്തില്‍ 'ഷുക്രന്‍' (നന്ദി) എന്ന് അറബിയില്‍ പറഞ്ഞ് പാപ്പ അവരെ അനുഗ്രഹിച്ചു.

പിന്നീട് ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ പത്രോസിന്റെ പിന്‍തലമുറക്കാരന്‍ പകര്‍ന്നു നല്‍കിയ ഈ വലിയ സ്‌നേഹത്തെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ കാണാതെ പോകുന്നത്.

'ക്രിസ്തു മനുഷ്യരെയാണ് സ്‌നേഹിച്ചത്, അതില്‍ യഹൂദനും, വിജാതീയനും, പട്ടാളക്കാരനും, പാപിയും എല്ലാം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ വികാരിയായ മാര്‍പാപ്പമാര്‍ ആ പാത പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. അതിനെ ജാതിയുടെയും മതത്തിന്റെയും സങ്കുചിതത്വത്തില്‍ തളച്ചിടുന്നത് ക്രൈസ്തവികതയല്ല, മാനവികതയുമല്ല.'

പാപ്പയുടെ കാരുണ്യ പ്രവൃത്തികളെ വികലമായി ചിത്രീകരിക്കുന്നവര്‍ ചരിത്രത്തെയും ക്രിസ്തീയ ദര്‍ശനങ്ങളെയുമാണ് പരിഹസിക്കുന്നത്. സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.