പട്ന: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ലോക്ഭവനിലെത്തി അദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.
നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ബുധനാഴ്ച വൈകുന്നേരം ടൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഒബിസി വിഭാഗത്തില്‍ നിന്നുള്ള സാമ്രാട്ട് ചൗധരി ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി അല്ലെങ്കിലും ബിഹാറിന്റെ വികസനത്തിന് നിതീഷ് കുമാര്‍ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഝാപറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് 2025 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയുവും എന്‍ഡിഎയും മത്സരിച്ചത്. പുതിയ സര്‍ക്കാരും അദേഹത്തിന്റെ നയങ്ങള്‍ പിന്തുടരും. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിതീഷ് കുമാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി അല്ലെങ്കിലും നിതീഷ് കുമാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബിഹാറില്‍ മാത്രമായിരിക്കുമെന്നും സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു.
പത്ത് തവണ ബിഹാര്‍ മുഖ്യമന്ത്രിയായ രാഷ്ട്രീയ നേതാവാണ് ജെഡിയു അധ്യക്ഷനായ നിതീഷ് കുമാര്‍. അടുത്തിടെയാണ് അദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ മനസില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നതായും അത് നിറവേറ്റുന്നതിനായാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ബിഹാറില്‍ എംഎല്‍എ, എംഎല്‍സി പദവികളിലും ലോക്സഭ എംപിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച നിതീഷ് കുമാര്‍ ആദ്യമായിട്ടാണ് രാജ്യസഭ എംപിയാകുന്നത്.