ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് തടസപ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഈ ചര്‍ച്ചകളിലൂടെ പുനസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിപണി.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തിയിരിക്കുകയാണ്. ഇന്നലെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണ വില കുറയാന്‍ തുടങ്ങിയത്. 105 ഡോളര്‍ കടന്ന് കുതിച്ചിരുന്ന എണ്ണ വിലയാണ് ഒറ്റയടിക്ക് നൂറ് ഡോളറില്‍ താഴെ എത്തിയത്. യു.എസ്, ഇസ്രയേല്‍, ഇറാന്‍ എന്നിവര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ വെച്ച് പുനരാരംഭിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച സൂചന നല്‍കിയിരുന്നു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. എന്നാലും സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ എണ്ണ ലഭ്യത കൂടുമെന്ന പ്രതീക്ഷയിലാണ് വിപണിയില്‍ വില കുറയുന്നത്.