ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍ നിര്‍ണയം കൂടി നടപ്പാക്കാനുള്ള നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വനിത ബില്ല് പാസാകാത്തതില്‍ താന്‍ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും വിഷയം സംസാരിക്കാനാണ് താന്‍ വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനിതാ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണമാണ് ബില്ല് പരാജയപ്പെട്ടത്. ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിക്കുകയായിരുന്നുവെന്നും മോഡി കുറ്റപ്പെടുത്തി. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ലെന്നും നരേന്ദ്ര മോഡി പറഞ്ഞു. ബില്ലിന്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം മനസിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാര്‍ട്ടികള്‍ക്ക് കിട്ടും. ആരില്‍ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ നല്‍കാനാണ് ബില്ലിലൂടെ ശ്രമിച്ചത്.
2029 മുതല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാന്‍ സത്യസന്ധമായ നീക്കമാണ് നടത്തിയത്. നാരീശക്തി വന്ദന്‍ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ മേഖലകള്‍ക്കും ഒരേ ശക്തി നല്‍കാനാണ് ശ്രമിച്ചതെന്നും മോഡി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അനുപാതത്തില്‍ ശക്തി കൂട്ടാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് അടക്കം കക്ഷികള്‍ നടത്തിയത് ഭ്രൂണഹത്യയാണ്. ഭ്രൂണഹത്യയില്‍ കോണ്‍ഗ്രസും ടിഎംസിയും ഡിഎംകെയും കുറ്റവാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് പല വട്ടം ബില്ല് പാസാകാതിരിക്കാന്‍ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. കോണ്‍ഗ്രസ് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നില്‍ക്കാനുള്ള അവസരം കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. കോണ്‍ഗ്രസ് ഇന്ന് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കുന്ന പരാദ ജീവിയാണ്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ വളരുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കുടുംബ പാര്‍ട്ടികള്‍ അവരുടെ കുടുംബത്തിന് പുറത്തുള്ളവര്‍ ഉയരാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ സ്ത്രീശക്തി കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാപ്പ് നല്‍കില്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ കഴിവ് തെളിയിച്ച അനേകം വനിതകളുണ്ട്. മണ്ഡല പുനര്‍ നിര്‍ണയത്തെക്കുറിച്ച് കോണ്‍ഗ്രസ് കള്ള പ്രചാരണം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിലും ബംഗാളിലും കൂടുതല്‍ എംപിമാരെയും എംഎല്‍എമാരെയും തിരഞ്ഞെടുക്കാനാവുമായിരുന്നു. ഏറ്റവും വലിയ പരിഷ്‌ക്കരണ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പരിഷ്‌ക്കരണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് തടസപ്പെടുത്തുമെന്നും മാവോയിസം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും മോഡി പറഞ്ഞു.