വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കണ്ടെയ്നർ കപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെ പാകിസ്ഥാനിൽ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. കപ്പൽ പിടിച്ചെടുത്ത നടപടി സായുധ കടൽക്കൊള്ളയാണെന്ന് ആരോപിച്ച ഇറാൻ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ കപ്പൽ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. യുഎസിന്റെ കടൽ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാന്റെ കപ്പലിന് നേരെ ഗൾഫ് ഓഫ് ഒമാനിൽ വെടിയുതിർത്തതായും കപ്പലിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ ട്രഷറി വകുപ്പിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണിതെന്നും ഇതിലെ ചരക്കുകൾ പരിശോധിച്ചു വരികയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച ഇറാൻ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് കടുത്ത നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തിയ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
തങ്ങളുടെ കപ്പലുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു രാജ്യത്തിന്റെയും കപ്പലുകൾ ഹോർമുസിലൂടെ കടത്തിവിടില്ലെന്ന വാശിയിലാണ് ഇറാൻ. ബ്രിട്ടീഷ്, ഫ്രഞ്ച് കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതോടെ എണ്ണവില വർധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.77 ഡോളറിലെത്തി. ഇത് 100 കടക്കുമെന്നാണ് സൂചന. ഡോളർ ഇൻഡക്സ് ഉയർന്നതോടെ സ്വർണ വില ഔൺസിന് 4772 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിലും ഇന്ന് സ്വർണ വില കുറഞ്ഞേക്കാം. ആഗോള വിപണികൾ കടുത്ത നഷ്ടത്തിലാണ്. ഇന്ത്യൻ വിപണിയിലും ഇന്ന് വലിയ ഇടിവുണ്ടായേക്കുമെന്നാണ് സൂചന.
ഹോർമുസിലെ സംഘർഷം തുടരുന്നത് എണ്ണ ഇറക്കുമതിയെ ബാധിക്കുമെന്നതിനാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.