ആഫ്രിക്കൻ മണ്ണിൽ പ്രത്യാശയുടെ പ്രകാശമായ് പാപ്പ; മുഷീമ മാതാവിന്റെ സന്നിധിയിൽ ലോകത്തിനായി മധ്യസ്ഥ പ്രാർത്ഥന; അണിനിരന്ന് പതിനായിരങ്ങൾ

ആഫ്രിക്കൻ മണ്ണിൽ പ്രത്യാശയുടെ പ്രകാശമായ് പാപ്പ; മുഷീമ മാതാവിന്റെ സന്നിധിയിൽ ലോകത്തിനായി മധ്യസ്ഥ പ്രാർത്ഥന; അണിനിരന്ന് പതിനായിരങ്ങൾ

ലുവാണ്ട (അംഗോള): ആഫ്രിക്കൻ മണ്ണിൽ വിശ്വാസത്തിന്റെ വിത്തുപാകി ലിയോ പതിനാലാമൻ മാർപാപ്പ സബ്-സഹാറൻ ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ തീർഥാടന കേന്ദ്രമായ മാമാ മുഷീമയിൽ സന്ദർശനം നടത്തി. അടിമ വ്യാപാരത്തിന്റെ കറുത്ത ഓർമ്മകൾ ഉറങ്ങുന്ന ക്വാൻസ നദീതീരത്ത് സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എത്തിയത്.

പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ച മുഷീമ ദൈവാലയം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ഒരിക്കൽ ആഫ്രിക്കൻ ജനതയെ ചങ്ങലയ്ക്കിട്ട് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കടത്തിയിരുന്ന അടിമക്കപ്പലുകളുടെ ഇടത്താവളമായിരുന്നു ഈ പ്രദേശം.



ആ വേദനയുടെ ചരിത്രത്തെ പ്രാർഥന കൊണ്ട് കഴുകിത്തുടയ്ക്കാനാണ് മാർപാപ്പ എത്തിയത്. കിംബുണ്ടു ഭാഷയിൽ 'ഹൃദയത്തിന്റെ മാതാവ്' എന്നറിയപ്പെടുന്ന മാമാ മുഷീമയുടെ സന്നിധിയിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പാപ്പയെ വരവേൽക്കാൻ തടിച്ചുകൂടിയത്.

ലുവാണ്ടയിലെ കിലാംബ കിയാക്സിയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം ഹെലികോപ്റ്റർ മാർഗമാണ് പാപ്പ മുഷീമയിലെത്തിയത്. വിയാന ബിഷപ്പ് മോൺസിഞ്ഞോർ എമിലിയോ സുമ്പെലെലോ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. പാപ്പാവൈക്കിളിൽ സഞ്ചരിച്ച് ആയിരക്കണക്കിന് വിശ്വാസികളെ പാപ്പ അഭിവാദ്യം ചെയ്തു. ദേവാലയത്തിനുള്ളിൽ ദിവ്യകാരുണ്യത്തിന് മുന്നിൽ നിശബ്ദ പ്രാർഥന നടത്തിയ പാപ്പ പുരാതനമായ അമലോദ്ഭവ മാതാവിന്റെ രൂപത്തിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചു.


വിവിധ ഭാഷകളിലായി നടന്ന ജപമാല പ്രാർഥനയ്ക്ക് പാപ്പ നേതൃത്വം നൽകി. 'സാൽവെ റെജീന' ഗീതാലാപനവും പ്രത്യേക ആശീർവാദവും ചടങ്ങിന് ആത്മീയ ചൈതന്യമേകി. ചൊവ്വാഴ്ച വരെ അംഗോളയിൽ തുടരുന്ന മാർപാപ്പ, തന്റെ നാല് രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന ആഫ്രിക്കൻ പര്യടനത്തിന്റെ അവസാന പാദമായി ഇക്വറ്റോറിയൽ ഗിനിയയിലെ മലബോയിലേക്ക് തിരിക്കും. ഏപ്രിൽ 23 ന് സന്ദർശനം പൂർത്തിയാക്കി പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.