'ട്രംപന്‍ ടാക്‌സിന്' സുപ്രീം കോടതിയുടെ പൂട്ട്; അമേരിക്കന്‍ ഭരണകൂടം തിരിച്ചു നല്‍കേണ്ടത് 16,600 കോടി ഡോളര്‍: നടപടി ക്രമങ്ങള്‍ തുടങ്ങി

'ട്രംപന്‍ ടാക്‌സിന്' സുപ്രീം കോടതിയുടെ പൂട്ട്; അമേരിക്കന്‍ ഭരണകൂടം  തിരിച്ചു നല്‍കേണ്ടത് 16,600 കോടി ഡോളര്‍: നടപടി ക്രമങ്ങള്‍ തുടങ്ങി

വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കിയ ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണി മുതല്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) സജ്ജമാക്കിയ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.

ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളര്‍ പലിശ സഹിതം മടക്കി നല്‍കുന്ന നടപടി അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതി തിരിച്ചടവായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

2025 ഏപ്രിലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി നിശ്ചയിക്കാനുള്ള കോണ്‍ഗ്രസിന്റെ അധികാരത്തില്‍ പ്രസിഡന്റ് അനാവശ്യമായി കടന്നു കയറിയതായി കോടതി നിരീക്ഷിച്ചു.

അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് ഈ തീരുവകള്‍ അടിച്ചേല്‍പ്പിച്ചതെന്ന് കോടതി കണ്ടെത്തിയതോടെയാണ് പണം മടക്കി നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചത്.

കണക്കുകള്‍ പ്രകാരം ഏകദേശം 3,30,000 ലധികം ഇറക്കുമതിക്കാര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. ഏകദേശം 5.3 കോടിയിലധികം ഷിപ്പിങുകളില്‍ നിന്നായി സമാഹരിച്ച 16,600 കോടി ഡോളറോളം തുകയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തിരികെ നല്‍കേണ്ടി വരിക.

ഇതിനകം തന്നെ 56,497 ഇറക്കുമതിക്കാര്‍ പണം സ്വീകരിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി മാത്രം പലിശ ഉള്‍പ്പെടെ ഏകദേശം 12,700 കോടി ഡോളര്‍ ആദ്യ ഘട്ടത്തില്‍ തന്നെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'കേപ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ കണ്‍സോളിഡേറ്റഡ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്രോസസിങ് സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്.

വ്യാപാരികള്‍ക്കും അവരുടെ കസ്റ്റംസ് ബ്രോക്കര്‍മാര്‍ക്കും സിബിപിയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ അക്കൗണ്ട് സൃഷ്ടിച്ച് ബാങ്ക് വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റാവുന്നതാണ്. പുതിയ തീരുവകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ പണം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും നടപടിക്രമങ്ങളിലെ സങ്കീര്‍ണത കാരണം ഇതില്‍ മാറ്റം വന്നേക്കാം.

മിനസോട്ടയിലെ 'ആഫ്റ്റര്‍ ആക്ഷന്‍ സിഗാര്‍സ്' എന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം മാത്രം 34,000 ഡോളറാണ് തീരുവയായി അടച്ചത്. തങ്ങള്‍ ഈ അധികഭാരം ഉപയോക്താക്കള്‍ക്ക് കൈമാറാതെ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഉടമ ബ്രാഡ് ജാക്സണ്‍ പറഞ്ഞു. പണം തിരികെ ലഭിക്കുന്നത് ബിസിനസിലെ സാമ്പത്തിക ഒഴുക്ക് മെച്ചപ്പെടുത്തുമെങ്കിലും, ഈ പ്രക്രിയ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുപോകുന്നത് തങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന് അദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഈ നികുതി തിരിച്ചടവ് സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഭൂരിഭാഗം കമ്പനികളും ഉയര്‍ന്ന നികുതി കാരണം ഉല്‍പന്നങ്ങളുടെ വില കൂട്ടിയിരുന്നെങ്കിലും ലഭിക്കുന്ന റീഫണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് നിയമമില്ല. എന്നാല്‍ ഇതേച്ചൊല്ലി കോസ്റ്റ്കോ പോലുള്ള വലിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടക്കുന്നുണ്ട്.

അതേസമയം, ഫെഡെക്സ് പോലുള്ള ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍ കസ്റ്റംസില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് അത് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഈ മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാകാന്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ എടുത്തേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.