'മത നേതാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്': മാര്‍പാപ്പയ്‌ക്കെതിരായ വിമര്‍ശനത്തില്‍ ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍

'മത നേതാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്': മാര്‍പാപ്പയ്‌ക്കെതിരായ വിമര്‍ശനത്തില്‍  ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി.

ട്രംപും മാര്‍പ്പാപ്പയും തമ്മിലുള്ള വാക് പോരാട്ടത്തെ 'പുതിയ വിശുദ്ധ യുദ്ധം' എന്ന് വിശേഷിപ്പിച്ച ജോണ്‍ കെന്നഡി മാര്‍പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

മതനേതാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ ഇടപെട്ട് ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നത് ഒരു ശ്രദ്ധതിരിക്കല്‍ മാത്രമാണെന്നും ജോണ്‍ കെന്നഡി അഭിപ്രായപ്പെട്ടു. അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഈ വിഷയത്തില്‍ ട്രംപിനെ പിന്തുണയ്ക്കുകയും രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അവരുടെ മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ട്രംപും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം നീക്കിയില്ലെങ്കില്‍ ഇറാനെ നശിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു. സാധാരണക്കാര്‍ ജീവിക്കുന്ന മേഖലകളെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ, ട്രംപിന്റെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.

ഇതോടെ, കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മാര്‍പാപ്പയുടെ നിലപാട് ദുര്‍ബലമാണെന്നും വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് തിരിച്ചടിച്ചു. ഇറാന്റെ ആണവ മോഹങ്ങള്‍ പോലുള്ള ഭീഷണികളെ മാര്‍പാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ താന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പാപ്പ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.

തന്നെ നേരിടാന്‍ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ഒരാളെ സഭ മാര്‍പാപ്പയായി തിരഞ്ഞെടുത്തതെന്നും താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ പതിനാലാമന്‍ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. മാര്‍പാപ്പ ഒരു രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമണ്‍ സെന്‍സ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചിരുന്നു.

പിന്നാലെ ട്രംപുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ തനിക്ക് താല്‍പര്യമില്ലെന്നും യുദ്ധത്തിനെതിരേ സംസാരിക്കുന്നത് തുടരുമെന്നും പറഞ്ഞ് ലിയോ പതിനാലാമന്‍ വീണ്ടും രംഗത്തെത്തി. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സമാധാനത്തിന് വേണ്ടിയും യുദ്ധത്തിനെതിരേയും ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും മാര്‍പാപ്പ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.