കൊൽക്കത്ത: ക്ലൂണി സന്യാസ സഭ നോർത്തേൺ പ്ലെയിൻ പ്രൊവിൻസ് മുൻ പ്രൊവിൻഷ്യൽ ബർസാർ സിസ്റ്റർ ഹൈസന്ത് വർഗീസ് (ഉഷ - 56) നിര്യാതയായി. കുട്ടനാട് കാവാലം കുന്നുമ്മ കട്ടക്കുഴി കുടുംബാംഗമായ സിസ്റ്റർ ദീർഘകാലമായി കൊൽക്കത്ത കേന്ദ്രീകരിച്ച് സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളിൽ സജീവമായിരുന്നു.
സന്യാസ ജീവിതത്തോടൊപ്പം വിദ്യാഭ്യാസ മേഖലയിലും തനതായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു സിസ്റ്റർ ഹൈസന്ത്. കൊൽക്കത്തയിലെ ക്ലൂണി കോൺവെന്റ് ഹൈസ്‌കൂളിൽ ദീർഘകാലം സീനിയർ ടീച്ചറായും തുടർന്ന് പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടികളോടും രക്ഷിതാക്കളോടും അങ്ങേയറ്റം സ്നേഹത്തോടും കരുതലോടും കൂടി ഇടപഴകിയിരുന്ന 'ഉഷ സിസ്റ്റർ' സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു.
കാവാലം സെന്റ് തെരേസാസ് ഇടവകാംഗമായ പരേതനായ കട്ടക്കുഴി വർഗീസിന്റെയും ഫിലോമിനയുടെയും മകളാണ്. സഹോദരങ്ങൾ: എൽസമ്മ, ജോസഫ്, സാലിമ്മ, ജാൻസി (പൂന), ജിജിമോൾ (കായൽപുറം), സജിമോൻ, സീമ. സിസ്റ്ററുടെ ആകസ്മിക വിയോഗത്തിൽ കുടുംബാംഗങ്ങളും സഹപാഠികളും അഗാധമായ ദുഖം രേഖപ്പെടുത്തി.
മൃതസംസ്‌കാര ശുശ്രൂഷകൾ നാളെ വ്യാഴാഴ്ച (23-04-2026) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൊൽക്കത്തയിലെ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ചർച്ചിൽ വച്ച് നടത്തപ്പെടും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി ബന്ധുക്കൾ കൊൽക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സിസ്റ്റർ ഹൈസന്തിന്റെ നിര്യാണത്തിൽ ക്ലൂണി കോൺഗ്രിഗേഷൻ നോർത്ത് പ്ലെയിൻ പ്രൊവിൻസ് അംഗങ്ങൾ, കാവാലം സെന്റ് തെരേസാസ് ഇടവകയിലെ പ്രവാസി കൂട്ടായ്മ, സഹപാഠികൾ, മാതൃ ഇടവകാംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കും സമൂഹത്തിനും വലിയ നഷ്ടമാണ് സിസ്റ്റർ ഉഷയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.