ലബനനിൽ തകർത്ത കുരിശ് പുനസ്ഥാപിച്ച് ഇസ്രയേൽ സൈന്യം; കുറ്റക്കാരായ സൈനികർക്ക് തടവ് ശിക്ഷ

ലബനനിൽ തകർത്ത കുരിശ് പുനസ്ഥാപിച്ച് ഇസ്രയേൽ സൈന്യം; കുറ്റക്കാരായ സൈനികർക്ക് തടവ് ശിക്ഷ

ബെയ്‌റൂട്ട്: ദക്ഷിണ ലബനനിൽ സൈനികർ മതചിഹ്നങ്ങൾ തകർത്ത സംഭവത്തിൽ ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) തിരുത്തൽ നടപടി. ദേബൽ എന്ന കത്തോലിക്കാ ഗ്രാമത്തിൽ തകർക്കപ്പെട്ട കുരിശ് പ്രാദേശിക ജനതയുടെ സഹായത്തോടെ സൈന്യം പുനസ്ഥാപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് സൈനികരെ യുദ്ധമുഖത്തെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയും 30 ദിവസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

കുരിശിലെ ക്രിസ്തു രൂപം സൈനികൻ തകർക്കുന്നതും മറ്റൊരു സൈനികൻ അത് മൊബൈൽ ക്യാമറയിൽ പകർത്തുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക നേതൃത്വവും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.

കുരിശ് തകർത്ത സൈനികനും ദൃശ്യങ്ങൾ പ്രചരിപ്പിച്ച സൈനികനും 30 ദിവസത്തെ തടവ് അനുഭവിക്കണം. അച്ചടക്ക ലംഘനം നടത്തിയ ഇവരെ നിലവിലെ സൈനിക ചുമതലകളിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്തു. സൈനികരുടെ പ്രവർത്തി ഐ.ഡി.എഫിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രാദേശിക സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈന്യം നേരിട്ട് കുരിശ് പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. യുദ്ധ സാഹചര്യത്തിനിടയിലും മതപരമായ സഹിഷ്ണുത ഉറപ്പാക്കുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.