ലിയോ പാപ്പായു‌ടെ പത്ത് ദിവസം നീണ്ട ആഫ്രിക്കൻ പര്യടനത്തിന് ആവേശകരമായ സമാപനം

ലിയോ പാപ്പായു‌ടെ പത്ത് ദിവസം നീണ്ട ആഫ്രിക്കൻ പര്യടനത്തിന് ആവേശകരമായ സമാപനം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലമൻ മാർപാപ്പയുടെ പത്ത് ദിവസം നീണ്ടു നിന്ന ചരിത്രപരമായ ആഫ്രിക്കൻ അപ്പസ്തോലിക പര്യടനത്തിന് സമാപനമായി. ഏപ്രിൽ 13 ന് ആരംഭിച്ച യാത്രയിലെ നാലാമത്തെയും അവസാനത്തെയും രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിലെ സന്ദർശനം പാപ്പ ഇന്നലെ പൂർത്തിയാക്കി. 2026 ലെ പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്രയായിരുന്നു ഇത്.

സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ദിവ്യബലിക്ക് പാപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. മുപ്പതിനായിരത്തിലധികം വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ നൽകിയ വചന സന്ദേശം ആഫ്രിക്കൻ ജനതയ്ക്ക് പുതിയൊരു ഉണർവായി.

"യേശുവിന്റെ സ്നേഹം മരണത്തേക്കാൾ ശക്തമാണെന്ന് വിശ്വസിക്കാൻ നമുക്ക് സാധിക്കണം. കർത്താവിനോട് ചേർന്ന് നിൽക്കുമ്പോൾ ജീവിതത്തിലെ പ്രശ്നങ്ങൾ പൂർണമായി അപ്രത്യക്ഷമാകുന്നില്ലായിരിക്കാം എന്നാൽ സുവിശേഷത്തിലൂടെ ജീവിതത്തിന് പുതിയ അർത്ഥം കണ്ടെത്താൻ നമുക്ക് സാധിക്കും," പാപ്പ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഓരോ കുരിശിലും യേശു വീണ്ടെടുപ്പ് കണ്ടെത്തുന്നത് പോലെ കഷ്ടതകളിൽ പ്രത്യാശ കൈവിടരുതെന്നും പാപ്പ ആഹ്വാനം ചെയ്തു.

ഏപ്രിൽ 13 ന് ആരംഭിച്ച ഈ അപ്പസ്തോലിക യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലായി പന്ത്രണ്ടോളം നഗരങ്ങൾ പാപ്പ സന്ദർശിച്ചു. ഓരോ രാജ്യത്തെയും ഭരണാധികാരികൾ രാജകീയമായ വരവേൽപ്പാണ് പരിശുദ്ധ പിതാവിന് ഒരുക്കിയത്. അൾജീരിയ, കാമറൂൺ, അംഗോള എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികളുമായി പാപ്പ സംവദിച്ചു.

ആഫ്രിക്കൻ വൻകരയിലെ സമാധാനത്തിനും ദാരിദ്ര്യനിർമ്മാർജനത്തിനുമായി അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും ഈ സന്ദർശനം ഉപകരിച്ചു. 1985 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ സുപ്രധാനമായ ആഫ്രിക്കൻ സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ അപ്പസ്തോലിക യാത്രയായാണ് വത്തിക്കാൻ ഇതിനെ വിലയിരുത്തുന്നത്. സമാധാനത്തിന്റെ സന്ദേശവുമായി നടത്തിയ ഈ യാത്ര ആഫ്രിക്കൻ സഭയുടെ വളർച്ചയിൽ വലിയ നാഴികക്കല്ലാകുമെന്ന് വിശ്വാസികൾ കരുതുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.