ബ്രസൽസ്: സിറിയയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന അതിരൂക്ഷമായ മാനുഷിക-സുരക്ഷാ പ്രതിസന്ധികൾ യൂറോപ്യൻ പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ തീരുമാനം. ഏപ്രിൽ 22 ന് ബ്രസൽസിൽ വെച്ച് യൂറോപ്യൻ സിറിയക് യൂണിയൻ സഹ-അധ്യക്ഷൻ ടോണി വെർജിലിയും യൂറോപ്യൻ പാർലമെന്റ് അംഗം ഡോ. നിക്കോളാസ് ഫാരന്റോറിസും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
മധ്യപൂർവേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ നിലവിലെ ദുരവസ്ഥയെക്കുറിച്ച് കൂടിക്കാഴ്ചയിൽ സമഗ്രമായ ചർച്ചകൾ നടന്നു. സിറിയയിലെ ക്രിസ്ത്യാനികൾ നേരിടുന്ന സുരക്ഷാ ഭീഷണികൾ, മൗലികാവകാശ ലംഘനങ്ങൾ, മറ്റ് മാനുഷിക പ്രശ്നങ്ങൾ എന്നിവയിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മേഖലയിൽ ക്രൈസ്തവ സാന്നിധ്യം നിലനിർത്തേണ്ടതും അവരുടെ മതസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതും ലോകരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ക്രൈസ്തവ സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പാർലമെന്റിനുള്ളിൽ ശക്തമായ ശബ്ദമായി തുടരുമെന്ന് ഗ്രീക്ക് പ്രതിനിധിയായ ഡോ. നിക്കോളാസ് ഫാരന്റോറിസ് ഉറപ്പുനൽകി. പീഡിത ക്രൈസ്തവർക്കായി മുൻപും രാജ്യാന്തര തലത്തിൽ നിലകൊണ്ടിട്ടുള്ള നേതാവാണ് അദേഹം. വരും ദിവസങ്ങളിൽ സിറിയയിലെ ക്രൈസ്തവ സംരക്ഷണത്തിനായി കൂടുതൽ പാർലമെന്ററി നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.