യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പല്‍
പുതിയ ആക്രമണ പദ്ധതി മുന്നില്‍ക്കണ്ട് അമേരിക്കയുടെ യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലും അതിനെ അനുഗമിക്കുന്ന യുദ്ധക്കപ്പലുകളും ഇറാന്‍ തീരത്തിന് സമീപം എത്തിയിട്ടുണ്ട്.
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ അമേരിക്ക പുതിയ യുദ്ധ തന്ത്രങ്ങള്‍ തയാറാക്കുന്നു. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടാല്‍ ഹോര്‍മുസ് കടലിടുക്ക്, ദക്ഷിണ അറേബ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് യുഎസ് നീക്കമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് നിയന്ത്രിക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന അതിവേഗ ആക്രമണ ബോട്ടുകള്‍, മൈനുകള്‍ വിന്യസിക്കുന്ന കപ്പലുകള്‍ തുടങ്ങിയവയും അമേരിക്കയുടെ ആക്രമണ ലക്ഷ്യങ്ങളാണ്. ഹോര്‍മുസില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന ബോട്ടുകള്‍ തകര്‍ക്കാന്‍ യുഎസ് നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
പുതിയ ആക്രമണ പദ്ധതി മുന്നില്‍ക്കണ്ട് അമേരിക്കയുടെ യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലും അതിനെ അനുഗമിക്കുന്ന യുദ്ധക്കപ്പലുകളും ഇറാന്‍ തീരത്തിന് സമീപം എത്തിയിട്ടുണ്ട്.
ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ നിയന്ത്രണ പരിധിയില്‍ വ്യാഴാഴ്ച എത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു. യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ്, യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ എന്നീ വിമാനവാഹിനി കപ്പലുകള്‍ നിലവില്‍ പശ്ചിമേഷ്യയിലുണ്ട്.
യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് അടച്ചത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കയില്‍ പണപ്പെരുപ്പം കുറയ്ക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കും ഇത് ഭീഷണിയായെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഹോര്‍മുസ് തുറക്കുന്നതിനായുള്ള ആക്രമണ പദ്ധതികള്‍ യുഎസ് തയ്യാറാക്കുന്നത്. വെടിനിര്‍ത്തലിന് മുമ്പ് യുഎസ് നടത്തിയ ആക്രമണങ്ങള്‍ ഹോര്‍മുസില്‍ നിന്ന് അകലെയുള്ള ലക്ഷ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു.
പുതിയ പദ്ധതികള്‍ അനുസരിച്ച് തന്ത്രപ്രധാനമായ ഹോര്‍മുസിന് ചുറ്റും കൂടുതല്‍ കേന്ദ്രീകൃതമായ ബോംബാക്രമണം നടത്തും. എന്നാല്‍ കടലിടുക്ക് തുറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇത് സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍.
ഇറാന്‍ നാവിക സേനയുടെ മിസൈലുകളില്‍ വലിയൊരു ശതമാനം കേടുപാടു കൂടാതെയിരിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഇറാന്റെ കൈവശം ഒട്ടേറെ ചെറിയ ഹൈസ്പീഡ് ബോട്ടുകളുമുണ്ട്.
അതേസമയം നേരത്തെ നടത്തിയ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെടാതെ അവശേഷിച്ചതും അല്ലെങ്കില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം പുതിയ തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റിയതുമായ മിസൈലുകള്‍, ലോഞ്ചറുകള്‍, മറ്റു സൈനിക ശേഷികള്‍ എന്നിവയുപയോഗിച്ച് ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ആയിര കണക്കിന് ഡ്രോണുകളും മിസൈല്‍ ലോഞ്ചറുകളും ഇറാനില്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നും ഇവ മാറ്റി സ്ഥാപിച്ചതായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്‍ ഒരു കരാറിന് സമ്മതിച്ചില്ലെങ്കില്‍ ആ ലക്ഷ്യങ്ങള്‍ തകര്‍ക്കുമെന്നും അദേഹം പറഞ്ഞിരുന്നു.