മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോല അറസ്റ്റില്‍. തൂര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ചാണ് കൊടുകുറ്റവാളി ഡോല പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ തുര്‍ക്കി പൊലീസ് നടത്തിയ വിപുലമായ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
ആദ്യ കാലങ്ങളില്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം മുംബൈയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. പിന്നീടാണ് ദുബായിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. ആഗോള സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തിന്റെ നല്ലൊരു പങ്ക് സലിം ഡോല നിയന്ത്രിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം രാജ്യങ്ങളില്‍ ഇയാളുടെ കീഴിലുള്ള മാഫിയ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ നഗരങ്ങളിലും ഡോല ലഹരി ശൃംഖല വ്യാപിച്ചിരുന്നു.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നേരത്തെ ഡോലയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈ പൊലീസ് ഡോലയുടെ അടുത്ത സഹായികളെ അറസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തിന് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ ഏജന്‍സികള്‍ ദുബായ് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ലഹരി കടത്ത്, കള്ളപ്പണ ഇടപാട് അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ സലിം ഡോലയില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ കുറച്ച് കാലമായി വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു സലിം ഡോല. അന്താരാഷ്ട്ര തലത്തില്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളും ഈ ഓപ്പറേഷന് സഹായകമായി.