ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. അപകടത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹിയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന എല്‍.എക്‌സ് 147 എയര്‍ബസ് എ 330 എന്ന വിമാനമാണ് പുലര്‍ച്ചെ 1.08ന് അപകടത്തില്‍പ്പെട്ടത്. തീപിടിത്തത്തിന് പിന്നാലെ എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
റണ്‍വേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. പിന്നാലെ ലാന്‍ഡിങ് ഗിയറുകളില്‍ ഒന്നിന് സമീപം തീയും പുകയും ഉയര്‍ന്നു.
തുടര്‍ന്ന് റണ്‍വേയില്‍ തന്നെ വിമാനം നിര്‍ത്തി യാത്രക്കാരെ എമര്‍ജന്‍സി സ്ലൈഡുകള്‍ വഴി പുറത്തെത്തിച്ചു. വിമാനത്തില്‍ നാല് കുട്ടികളടക്കം 228 യാത്രക്കാരാണ് ഉണ്ടായിരുന്നത്.