'മുറിവുകള്‍ ഉണങ്ങാന്‍ തലമുറകള്‍ കാത്തിരിക്കേണ്ടി വരും'; ഇറാനെ ഇനി നല്ല അയല്‍ക്കാരനായി കാണാനാവില്ലെന്ന് യുഎഇ

'മുറിവുകള്‍ ഉണങ്ങാന്‍ തലമുറകള്‍ കാത്തിരിക്കേണ്ടി വരും'; ഇറാനെ ഇനി നല്ല അയല്‍ക്കാരനായി കാണാനാവില്ലെന്ന്  യുഎഇ

അബുദാബി: ഇറാനും ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയാകുന്നത് എളുപ്പമല്ലെന്നും തകര്‍ന്ന വിശ്വാസം വീണ്ടെടുക്കാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നും യുഎഇ.

ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കവേ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും രണ്ടായി മാത്രമേ കാണാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയ ഡോ. ഗര്‍ഗാഷ് ഏഴ് ആഴ്ച നീണ്ടുനിന്ന സംഘര്‍ഷത്തില്‍ യുഎഇ നേരിട്ട കനത്ത നാശനഷ്ടങ്ങളുടെ കണക്കുകളും പുറത്തുവിട്ടു.

സംഘര്‍ഷ കാലയളവില്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഏകദേശം 2,800 ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തു വിട്ടു. ഇതില്‍ 90 ശതമാനവും ജനവാസ മേഖലകളെയും ഊര്‍ജ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചത്. സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്ന ഇറാന്റെ വാദം അദേഹം തള്ളി.

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം 537 ബാലിസ്റ്റിക് മിസൈലുകളും, 26 ക്രൂയിസ് മിസൈലുകളും, 2,256 ഡ്രോണുകളും വെടി വെച്ചിട്ടു. ആക്രമണങ്ങളില്‍ രണ്ട് യുഎഇ പൗരന്മാരും, ഒരു മൊറോക്കന്‍ കരാറുകാരനും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 224 പേര്‍ക്ക് പരിക്കേറ്റു.

ഇറാനെ ഇനി ഒരു അയല്‍രാജ്യം എന്നതിലുപരി സ്ഥിരമായ ഒരു 'തന്ത്രപരമായ ഭീഷണി'യായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കാണുന്നത്. ഇറാന്റെ ഭരണകൂടത്തിനുള്ളിലെ ഏകോപനമില്ലായ്മയും കടുത്ത ഭിന്നതയും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ഇത്രയധികം ആക്രമണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ ഇറാന്റെ വാഗ്ദാനങ്ങളെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഈ മുറിവുകള്‍ ഉണങ്ങാന്‍ തലമുറകള്‍ കാത്തിരിക്കേണ്ടി വരുമെന്നും ഗര്‍ഗാഷ് മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.