പശ്ചിമേഷ്യന്‍ യുദ്ധം: ഇറാന്റെ ആക്രമണങ്ങളില്‍ യുഎസ് താവളങ്ങള്‍ക്ക് കനത്ത നാശം; പരിഹരിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചിലവഴിക്കണം

പശ്ചിമേഷ്യന്‍ യുദ്ധം: ഇറാന്റെ ആക്രമണങ്ങളില്‍ യുഎസ് താവളങ്ങള്‍ക്ക് കനത്ത നാശം; പരിഹരിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചിലവഴിക്കണം

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്.

പ്രാഥമികമായി വിലയിരുത്തപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടെന്നാണ് വിവരം. ഇത് പരിഹരിക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ചിലവിടേണ്ടി വരുമെന്നും യുഎസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഏഴ് രാജ്യങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, വിമാന ഹാങറുകള്‍, ആയുധ സംഭരണ ശാലകള്‍, സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയെ ഇറാന്‍ ആക്രമിച്ചു.

റണ്‍വേകള്‍, റഡാര്‍ സംവിധാനങ്ങള്‍, ചില വിമാനങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചു. അമേരിക്കയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇറാന്റെ പഴയ എഫ് 5 യുദ്ധ വിമാനങ്ങള്‍ പോലും ആക്രമണത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്.

ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പൂര്‍ണമായ വിവരം യുഎസ് പ്രതിരോധ വകുപ്പ് പുറത്തു വിട്ടിട്ടില്ല. മേഖലയിലെ സൈനിക നടപടികള്‍ കൈകാര്യം ചെയ്യുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നാശനഷ്ടങ്ങളെപ്പറ്റി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ വ്യക്തത നല്‍കാത്തതിനാല്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ കടുത്ത അമര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകളായി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും, പ്രത്യേകിച്ച് ബജറ്റില്‍ പെന്റഗണ്‍ വലിയ തുക ആവശ്യപ്പെടുന്ന സമയമായിരുന്നിട്ടു കൂടിയും വിഷയത്തെക്കുറിച്ചുള്ള സമ്പൂര്‍ണ ചിത്രം ലഭിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.

ഇറാന്‍ യുദ്ധത്തിന് വേണ്ടി പെന്റഗണ്‍ 200 ബില്യണ്‍ ഡോളറിലധികം യുഎസ് കോണ്‍ഗ്രസില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് ആദ്യ ആഴ്ചയില്‍ സൈനിക നടപടികള്‍ക്കായി അമേരിക്ക പതിനൊന്ന് ബില്യണ്‍ ഡോളറാണ് ചിലവഴിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.