എണ്ണ സംഭരണികൾ നിറയുന്നു; അധിക എണ്ണ കടലിൽ സൂക്ഷിക്കാൻ ഇറാൻ; രക്ഷകനായി 'നഷ' എത്തിയേക്കും

എണ്ണ സംഭരണികൾ നിറയുന്നു; അധിക എണ്ണ കടലിൽ സൂക്ഷിക്കാൻ ഇറാൻ; രക്ഷകനായി 'നഷ' എത്തിയേക്കും

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധം ശക്തമായതോടെ ഉൽപാദിപ്പിക്കുന്ന എണ്ണ വിറ്റഴിക്കാനാവാതെ ഇറാൻ കടുത്ത പ്രതിസന്ധിയിൽ. രാജ്യത്തെ പ്രധാന എണ്ണ സംഭരണികൾ വൈകാതെ പരമാവധി ശേഷിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ എണ്ണക്കിണറുകൾക്ക് കേടുപാട് സംഭവിക്കാതെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇറാൻ അധികൃതർ.

ഇറാന്റെ ആകെ എണ്ണ ഉൽപാദനത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ സംഭരണികളാണ്. 30 ബില്യൺ ബാരൽ എണ്ണ സൂക്ഷിക്കാൻ ശേഷിയുള്ള ഇവിടെ സംഭരണികൾ ഏതാണ്ട് പൂർണ്ണമാകാൻ പോവുകയാണ്.

ഉപരോധം കാരണം കയറ്റുമതി നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. എന്നാൽ എണ്ണ ഉൽപാദനം നിർത്തിവെച്ചാൽ പ്ലാന്റുകൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുമെന്നതിനാലും വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാലും ഉൽപാദനം തുടരാൻ തന്നെയാണ് തീരുമാനം.

അധികമായി വരുന്ന എണ്ണ കടലിൽ തന്നെ സൂക്ഷിക്കാനാണ് ഇറാന്റെ നീക്കം. ഇതിനായി 30 വർഷം പഴക്കമുള്ള 'നഷ' എന്ന കൂറ്റൻ ഓയിൽ ടാങ്കർ ഇറാൻ ഉപയോഗപ്പെടുത്തും. കാലങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഈ ടാങ്കറിലേക്ക് കയറ്റുമതി ചെയ്യാനാകാത്ത എണ്ണ മാറ്റാനാണ് പദ്ധതി. ഏപ്രിൽ 16 ന് ഖാർഗിലെ അഞ്ച് മില്യൺ ബാരൽ എണ്ണ മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ മാരിടൈം ട്രാക്കർമാർ പുറത്തുവിട്ടിരുന്നു.

ഇറാൻ ഇനി പരമാവധി 13 മില്യൺ ബാരൽ എണ്ണ കൂടി മാത്രമേ സംഭരിക്കാൻ കഴിയൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ പ്രതിദിന എണ്ണ ഉൽപാദനം ഒരു മില്യണിലധികം ബാരലാണ്. ഈ കണക്ക് വെച്ചു നോക്കിയാൽ അടുത്ത 13 ദിവസത്തിനുള്ളിൽ ഇറാന്റെ മുഴുവൻ സംഭരണികളും കവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ടാകും. ഇത് രാജ്യത്തെ സാമ്പത്തിക രംഗത്തെ കൂടുതൽ തളർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.