വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രവിശ്യയിലെ ഭീകരർ തടവിലാക്കിയ ക്രൈസ്തവരിൽ നിന്ന് നിർബന്ധിതമായി നികുതി വാങ്ങിയ ശേഷം മോചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങൾ അറബിക്, മുസ്ലീം മാധ്യമ നിരീക്ഷണം നടത്തുന്ന മെംമ്രി ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദ ഭീഷണി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
സായുധരായ തീവ്രവാദികളുടെ നിയന്ത്രണത്തിൽ വലിയൊരു സംഘം പൗരന്മാരെ തടഞ്ഞു വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചരിത്രപരമായി ഇസ്ലാമിക ഭരണത്തിന് കീഴിൽ മുസ്ലീങ്ങളല്ലാത്തവർക്ക് മേൽ ചുമത്തിയിരുന്ന 'ജിസിയ' എന്ന സംരക്ഷണ നികുതി അടയ്ക്കാൻ തടവുകാരെ നിർബന്ധിച്ചു. പണം നൽകിയവരെ മാത്രമാണ് ഭീകരർ മോചിപ്പിച്ചത്.
2014 ൽ ഇറാഖിലെ മൊസൂൾ പിടിച്ചെടുത്ത സമയത്ത് ഐസിസ് നടപ്പിലാക്കിയ അതേ നിയമങ്ങളാണ് ഇപ്പോൾ ആഫ്രിക്കയിലും ആവർത്തിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കുക, ജിസിയ നികുതി നൽകുക, ഇവ രണ്ടും നിരസിക്കുന്നവർക്ക് വധശിക്ഷ. തുടങ്ങിയ മൂന്ന് നിബന്ധനകളാണ് അന്ന് മൊസൂളിലെ ക്രിസ്ത്യാനികൾക്ക് മുന്നിൽ ഭീകരർ വെച്ചിരുന്നത്.
സമാനമായ സാഹചര്യം ആഫ്രിക്കൻ പ്രവിശ്യകളിലും നിലനിൽക്കുന്നുണ്ടെന്നാണ് മെംമ്രി ടി.വിയുടെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നത്. ആഫ്രിക്കയിലെ സുരക്ഷാ സംവിധാനങ്ങൾ നേരിടുന്ന കനത്ത വെല്ലുവിളിയാണ് ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.