കൊച്ചി: മാതൃത്വത്തിന്റെ വിശുദ്ധയായി കത്തോലിക്കാ സഭ പ്രഖ്യാപിച്ച വിശുദ്ധ ജിയന്ന ബരേറ്റ മോളയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആഗ്രഹം സഫലമാകുന്നു. 1955 ൽ തന്റെ വിവാഹ വേളയിൽ ജിയന്ന ധരിച്ച പട്ടുടുപ്പ് ഇന്ന് ഒരു മലയാളി വൈദികന്റെ ബലിയർപ്പണത്തിനുള്ള തിരുവസ്ത്രമായി മാറി. വിശുദ്ധയെക്കുറിച്ച് പുസ്തകം രചിക്കുകയും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന ഫാ. എഫ്രം കുന്നപ്പള്ളിയാണ് ഈ അപൂർവ്വ ഭാഗ്യത്തിന് ഉടമയായത്.
വിവാഹ ജീവിതത്തെ ഒരു വലിയ ദൈവവിളിയായി കണ്ടിരുന്ന ജിയന്ന ബരേറ്റ തന്റെ വിവാഹ ദിനത്തിൽ തന്നെ ഹൃദയത്തിൽ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു. തന്റെ പുത്രന്മാരിൽ ആരെങ്കിലും വൈദികനാകുകയാണെങ്കിൽ അവർക്ക് പ്രഥമ ദിവ്യബലി അർപ്പിക്കാൻ തന്റെ വിവാഹ വസ്ത്രം കൊണ്ട് നിർമ്മിച്ച തിരുവസ്ത്രം നൽകണമെന്നതായിരുന്നു അത്. വിവാഹ ജീവിതവും പൗരോഹിത്യവും ഒരേ ആത്മബലിയുടെ രണ്ട് വശങ്ങളാണെന്ന വിശ്വാസമായിരുന്നു ഈ ആഗ്രഹത്തിന് പിന്നിൽ. എന്നാൽ ജിയന്നയുടെ മക്കൾ വൈദിക വൃത്തിയിലേക്ക് പ്രവേശിച്ചില്ല.
ഈ ആഗ്രഹം ഇന്ന് സഫലമായിരിക്കുന്നത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ കൈകളിലൂടെയാണ്. വിശുദ്ധ ജിയന്നയെക്കുറിച്ച് പുസ്തകം എഴുതുകയും അവളുടെ കഥ ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ഒരു വൈദികനാണ് അദേഹം. വര്‍ഷങ്ങളായുള്ള അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മോള കുടുംബവുമായുള്ള പ്രത്യേകിച്ച് വിശുദ്ധ ജിയന്ന തന്റെ ജീവന്‍ നല്‍കി രക്ഷിച്ച മകള്‍ ജിയന്ന ഇമ്മാനുവേല മോളയുമായുള്ള ആഴമേറിയ സൗഹൃദമായി വളര്‍ന്നു.
ഈ ആത്മബന്ധത്തിന് ആദരവായി ജിയന്ന ഇമ്മാനുവേല തന്റെ അമ്മയുടെ വിവാഹ വസ്ത്രത്തിന്റെ തിരുശേഷിപ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു തിരുവസ്ത്രം ഫാ. എഫ്രേമിന് തിരുപ്പട്ട സമയത്തു സമ്മാനിച്ചു.
വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ വൈദികൻ ധരിക്കുന്ന വസ്ത്രം 'ക്രിസ്തുവിന്റെ നുകം' എന്നാണ് അറിയപ്പെടുന്നത്. ഒരു കുടുംബത്തിന് തുടക്കം കുറിച്ച വിവാഹപ്പട്ട് ഇന്ന് അൾത്താരയിൽ ബലിവസ്ത്രമായി മാറുമ്പോൾ അത് സമർപ്പണത്തിന്റെ പൂർത്തീകരണമാകുന്നു. "ചരിത്രത്തിന്റെ ഭാഗമായ ഒരു തിരുശേഷിപ്പ് കൈവശം വയ്ക്കുക എന്നതിലുപരി ആ വിശുദ്ധയുടെ സ്നേഹത്താൽ രക്ഷിക്കപ്പെട്ട മകളുടെ കൈകളിൽ നിന്ന് തന്നെ ഇത് സ്വീകരിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം." - ഫാ. എഫ്രം കുന്നപ്പള്ളി പറഞ്ഞു.
ലോകമെമ്പാടുമുള്ള ഗർഭിണികളുടെയും അമ്മമാരുടെയും മധ്യസ്ഥയായ വിശുദ്ധ ജിയന്നയുടെ സ്മരണകൾക്ക് ഈ മലയാളി വൈദികനിലൂടെ ഇപ്പോൾ ഒരു പുതിയ അധ്യായം കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്.