'മസ്തിഷ്‌ക മരണം: ശാസ്ത്രീയ രീതികളെപ്പറ്റി കൂടുതല്‍ പഠനം വേണം'; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

'മസ്തിഷ്‌ക മരണം: ശാസ്ത്രീയ രീതികളെപ്പറ്റി കൂടുതല്‍ പഠനം വേണം'; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഇതിനായി വിദഗ്ധ മെഡിക്കല്‍ സമിതി രൂപീകരിക്കാന്‍ ഡല്‍ഹി എയിംസിന് കോടതി നിര്‍ദേശം നല്‍കി.

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് ഈ സമതി പഠനം നടത്തണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മെഹ്താ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

മലയാളി ഡോക്ടര്‍ എസ്.ഗണപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. നിലവില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളില്‍ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്‌ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഒരു രോഗിയുടെ ശരീര പരിശോധന നടത്താതെ തന്നെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അവയവ ദാനത്തിന് സമ്മതം നല്‍കിയാല്‍ ആശുപത്രി ബില്ലുകള്‍ ഒഴിവാക്കി മൃതദേഹം വീട്ടിലെത്തിച്ചു നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തിന് വാഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഒരു രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അവയവം മാറ്റി വെക്കാന്‍ ഒരുങ്ങുമ്പോള്‍ കൃത്യമായ രേഖകള്‍ വേണമെന്നും ഡോക്ടര്‍ കോടതിയില്‍ വാദിച്ചു.

നിലവിലെ ടെസ്റ്റിന് പകരമായി ബ്രെയിന്‍ ആന്‍ജിയോഗ്രാം, ഇഇജി പോലുള്ള പരിശോധനകള്‍ ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിഷയത്തില്‍ പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മൂന്ന് മുതല്‍ അഞ്ച് വരെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠനം നടത്തണം. സമിതിയുടെ റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.