ചെന്നൈ: വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍ എത്തിയതോടെ ശുശ്രൂഷകള്‍ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകള്‍ നടന്നത്.
നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയിയെ കാണാന്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പുലര്‍ച്ചെ തന്നെ വേളാങ്കണ്ണി പള്ളിയില്‍ എത്തിയിരുന്നു. എന്നാല്‍ വിജയ് അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി മുദ്രാവാക്യം വിളിച്ചു. അള്‍ത്താരയുടെ മുന്നില്‍ നിന്നാണ് ടിവികെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്നാണ് പള്ളിയിലെ ശുശ്രൂഷകള്‍ തടസപ്പെട്ടത്. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതര്‍ ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ വഷളായതോടെ പള്ളി അധികാരികള്‍ ഇടപെട്ട് ആരാധകരോട് നിശബ്ദത പാലിക്കാനും പള്ളിയുടെ പവിത്രതയെ ബഹുമാനിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വിജയ് ആത്മീയ യാത്രയിലാണ്. ഷിര്‍ദ്ദിയും തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രവും സന്ദര്‍ശിച്ച വിജയ് ശനിയാഴ്ച ഒരു പള്ളിയും ദര്‍ഗയും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ കൂട്ടമായി സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് എത്തിയത്.