ബാങ്കോക്ക്: വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായ തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്. തായ്‌ലന്‍ഡ് പൊതുജനാരോഗ്യ മന്ത്രി പട്ടാന പ്രോംഫട്ട് ആണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.
വിദേശികള്‍ക്ക് ചികിത്സ നല്‍കുന്നതിലൂടെ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തായയ്‌ലന്‍ഡില്‍ എത്തുന്ന സഞ്ചാരികള്‍ക്കോ തൊഴിലാളികള്‍ക്കോ ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തില്‍, ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കാതെ വരുന്നത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാക്കുന്നുണ്ട്. വിദേശികളുടെ കുടിശികയായ ചികിത്സാ ചെലവ് രാജ്യത്തെ ആരോഗ്യ മേഖലയെ കാര്യമായി ബാധിക്കുന്നുവെന്ന് മന്ത്രി പട്ടാന പ്രോംഫട്ട് ചൂണ്ടിക്കാട്ടി.
സഞ്ചാരികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും അവരുടെ സുരക്ഷ മെച്ചപ്പെടുത്താനും ഇന്‍ഷുറന്‍സ് സഹായിക്കും. വിസ നടപടികള്‍ ലളിതമായതോടെ തായ്‌ലന്‍ഡിലേക്ക് എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
വിനോദ സഞ്ചാരികള്‍ക്ക് അമിതഭാരമാകാത്ത രീതിയില്‍ വളരെ കുറഞ്ഞ പ്രീമിയത്തില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പാക്കേജുകള്‍ അവതരിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ടൂറിസ്റ്റുകള്‍ക്ക് പുറമെ വിദേശ തൊഴിലാളികള്‍ക്കും ഏകദിന യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാക്കാനും ആലോചനയുണ്ട്.
നിലവില്‍ ഇതിന്റെ പ്രായോഗിക വശങ്ങള്‍ ആരോഗ്യ മന്ത്രാലയം പഠിച്ചു വരികയാണ്. ഔദ്യോഗിക ഉത്തരവ് വരുന്നതോടെ തായ്‌ലന്‍ഡ് യാത്രയ്ക്കുള്ള രേഖകളില്‍ ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുത്തേണ്ടി വരും.