മലപ്പുറം: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നിനാണ് മലപ്പുറം സാക്ഷ്യം വഹിച്ചത്. മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കി.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ കെ ഷൈലജ കൈവശം വച്ചിരുന്ന 60,963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ വഴിമാറിയത്.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി. മണ്ഡലം രൂപീകൃതമായ 1957 മുതൽ മുസ്ലീം ലീഗ് മാത്രം വിജയിച്ചുപോരുന്ന ചരിത്രമാണ് മലപ്പുറത്തിനുള്ളത്. 2021 ലെ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി 35,208 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കിൽ ഇത്തവണ അത് ഇരട്ടിയിലധികമായി വർധിപ്പിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.
മലപ്പുറം നഗരസഭയും മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ, കോഡൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. 2011 മുതൽ പി. ഉബൈദുള്ളയായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ലീഗിനൊപ്പം ഉറച്ചുനിൽക്കുന്ന മലപ്പുറത്തെ വോട്ടർമാർ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയത് സമാനതകളില്ലാത്ത വിജയമാണ്.