കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനും ഇടതു പക്ഷത്തിനും വെല്ലുവിളിയാകും. നിയമസഭയില്‍ 35 സീറ്റുകള്‍ മാത്രമാണ് ഇടതുപക്ഷത്തിനുള്ളത്.
സാധാരണ ഗതിയില്‍ മൂന്ന് ഒഴിവുകള്‍ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചുരുങ്ങിയത് 36 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ ഒരു അംഗത്തെ അയയ്ക്കണമെങ്കില്‍ ഇടതുപക്ഷം ബിജെപിയുടെ സഹായം തേടേണ്ട സ്ഥിതിയാണുള്ളത്.
അതേസമയം ഭരണപക്ഷമായ യുഡിഎഫിന് 102 എംഎല്‍എമാരാണുള്ളത്. കേരളത്തില്‍ 2027 ലും 2028 ലുമായി മൂന്ന് വീതം ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് മുഴുവന്‍ സീറ്റുകളും നേടാനുള്ള സാധ്യത ഒരുങ്ങുകയാണ്.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ പി.വി അബ്ദുള്‍ വഹാബ് (മുസ്ലിം ലീഗ്), വി. ശിവദാസന്‍ (സിപിഎം), ജോണ്‍ ബ്രിട്ടാസ് (സിപിഎം) എന്നിവരുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രില്‍ 20 ന് അവസാനിക്കും. ഈ ഒഴിവില്‍ ഒരാളെ ജയിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് കഴിയില്ല. എ.എ റഹിം, ജെബി മേത്തര്‍, പി. സന്തോഷ് കുമാര്‍ എന്നിവരുടെ കാലാവധി 2028 ഏപ്രില്‍ രണ്ടിനും അവസാനിക്കും.