യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചു: ഇന്‍ഡിഗോ വിമാനത്തില്‍ വന്‍ ദുരന്തം ഒഴിവായി

യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചു: ഇന്‍ഡിഗോ വിമാനത്തില്‍ വന്‍ ദുരന്തം ഒഴിവായി

ന്യൂഡല്‍ഹി: മൊഹാലി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്കിന് തീപിടിക്കുകയായിരുന്നു. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് ഒരു യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന പവര്‍ ബാങ്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തത്.

നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ കാബിനുള്ളില്‍ പുക നിറഞ്ഞു. ലാന്‍ഡിങ് കഴിഞ്ഞ് തൊട്ടുപിന്നാലെ ആയതിനാല്‍ വിമാന ജീവനക്കാര്‍ക്ക് വേഗത്തില്‍ ഇടപെടാന്‍ സാധിച്ചു. എമര്‍ജന്‍സി എക്‌സിറ്റുകളിലൂടെയും സാധാരണ വാതിലുകളിലൂടെയും യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിച്ചു. പവര്‍ ബാങ്കിലെ ലിഥിയം അയോണ്‍ ബാറ്ററി അമിതമായി ചൂടായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഔദ്യോഗികമായി വിശദീകരണം നല്‍കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കുകളൊന്നുമില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു.

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിലെ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കാന്‍ ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പവര്‍ ബാങ്കിന്റെ ഗുണനിലവാരവും അപകടത്തിലേക്ക് നയിച്ച സാഹചര്യവും പ്രത്യേക സംഘം പരിശോധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.