ചെന്നൈ: തമിഴ്നാട്ടില്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സഖ്യകക്ഷിയായ ഡിഎംകെയുടെ എതിര്‍പ്പ് മറികടന്നാണ് കോണ്‍ഗ്രസ് നടപടി. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി പിന്നില്‍ നിന്നുള്ള കുത്താണെന്ന് ഡിഎംകെ ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
'ഭരണഘടനാ തത്വങ്ങളില്‍ വിശ്വസിക്കുന്ന മതനിരപേക്ഷവും പുരോഗമനപരവും ജനക്ഷേമപരവുമായ ഒരു സര്‍ക്കാരിന് വേണ്ടി തമിഴ്‌നാട്ടിലെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ വ്യക്തവും ശക്തവും ഉജ്ജ്വലവുമായ ഒരു വിധി നല്‍കിയിരിക്കുകയാണ്. രാജ്യത്തെ മതനിരപേക്ഷ, പുരോഗമന ജനക്ഷേമ രാഷ്ട്രീയത്തിന്റെ സ്ഥാപക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഈ ജനവിധിയെ ബഹുമാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും അത് നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ഭരണഘടനാപരമായ കടമയാണ്. അതുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടിവികെയ്ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു'- തമിഴ്നാട് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പരസ്പര ബഹുമാനം, അര്‍ഹമായ പങ്കാളിത്തം, ഉത്തരവാദിത്വം എന്നിവയില്‍ അധിഷ്ഠിതമായ ഈ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിഞ്ഞെടുപ്പ്, ലോക്‌സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അറിയിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികളെ ഈ സഖ്യത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് വിധേയമായിരിക്കും തങ്ങളുടെ പിന്തുണയെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്നിന് അദേഹം ഗവര്‍ണറെ കാണും. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെയും ചുമതല.
പെരമ്പൂര്‍, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എംഎല്‍എ സ്ഥാനം രാജിവെക്കും. 108 സീറ്റുള്ള ടിവികെയുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും. 234 അംഗ സഭയില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതിന് 118 സീറ്റാണ് വേണ്ടത്. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെറുകക്ഷികളുടെ സഹായത്തോടെ ലക്ഷ്യത്തിലെത്താനാവുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.