ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങള്‍ മൂലമുള്ള മരണസംഖ്യ ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി). 2024 ല്‍ മാത്രം രാജ്യത്ത് വിവിധ ട്രാഫിക് അപകടങ്ങളിലായി 1.99 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇത് പ്രതിദിനം ശരാശരി 546 മരണം എന്ന ഞെട്ടിക്കുന്ന കണക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മരണ നിരക്കില്‍ 2023 നെ അപേക്ഷിച്ച് 0.79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. 84,599 പേരാണ് ഇരുചക്ര വാഹന അപകടത്തില്‍പ്പെട്ട് മരിച്ചത്. കാറുകള്‍ (23,739), കാല്‍നട യാത്രക്കാര്‍ (25,769) എന്നിവയാണ് തൊട്ടുപിന്നാലെ. ഇരുചക്ര വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലും (11,786), ഉത്തര്‍പ്രദേശിലുമാണ് (8,575).
എസ്യുവി, കാര്‍, ജീപ്പ് എന്നിവ മൂലമുള്ള മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശിലാണ് (4,575). അതേപോലെ റെയില്‍വേ ക്രോസിങുകളിലെ മരണങ്ങളില്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് കേരളം (14.1%).
അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ അമിതവേഗതയാണ് ഏറ്റവും പ്രധാന വില്ലന്‍. ആകെ റോഡപകട മരണങ്ങളുടെ 58 ശതമാനവും അമിതവേഗത മൂലമാണ് സംഭവിക്കുന്നത്. അപകടകരമായ ഡ്രൈവിങ് 26.3 ശതമാനം മരണങ്ങള്‍ക്ക് കാരണമാകുന്നു. കാലാവസ്ഥാ സാഹചര്യങ്ങള്‍ 2.9 ശതമാനം മരണത്തിനും മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നത് 1.9 ശതമാനത്തിനും മൃഗങ്ങള്‍ കുറുകെ ചാടുന്നത് 1.5 ശതമാനത്തിനും 9.4 ശതമാനം മറ്റ് കാരണങ്ങള്‍ മൂലവും സംഭവിക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് 2023 ല്‍ 4.91 ലക്ഷമായിരുന്ന വാഹനാപകടങ്ങളുടെ എണ്ണം 2024 ല്‍ 4.95 ലക്ഷമായി വര്‍ധിച്ചു. 2024 ല്‍ മാത്രം 4.52 ലക്ഷം പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേറ്റു. മരണ സംഖ്യയില്‍ ഉത്തര്‍പ്രദേശ് (27,071), തമിഴ്‌നാട് (20,390), മഹാരാഷ്ട്ര (19,475) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. രാജ്യത്തെ ആകെ വാഹനാപകട മരണങ്ങളുടെ 33.6 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്.
എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം ആകെ അപകട മരണങ്ങളില്‍ 42.6 ശതമാനവും വാഹനാപകടങ്ങള്‍ മൂലമാണ്. പെട്ടെന്നുള്ള മരണങ്ങള്‍ (16.2%), മുങ്ങി മരണം (8.6%), വീഴ്ചകള്‍ (5.7%), വിഷബാധ (4.6%), വൈദ്യുതാഘാതം (3.4%) എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങള്‍. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മിന്നല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ (1.7%) ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം അപകടങ്ങളും മനുഷ്യര്‍ക്ക് മുന്‍കരുതലിലൂടെ തടയാവുന്നവയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ റോഡപകടങ്ങള്‍ മനുഷ്യജീവന്‍ മാത്രമല്ല കവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏകദേശം 3.14 ശതമാനത്തോളം സാമൂഹിക-സാമ്പത്തിക നഷ്ടം റോഡപകടങ്ങള്‍ മൂലം ഉണ്ടാകുന്നുണ്ട്.
വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെയുള്ള സമയത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്സവ സീസണുകളായ ഒക്ടോബര്‍ മാസത്തിലും അപകട നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.