ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡല്‍ഹിയില്‍ എത്താനാണ് നിര്‍ദേശം. ദീപാ ദാസ് മുന്‍ഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്. കെ.സി വേണുഗോപാല്‍ ഡല്‍ഹിയിലുണ്ട്.
എഐസിസി നിരീക്ഷകര്‍ കേരളത്തിലെത്തി എംഎല്‍എമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. നിരീക്ഷകരുടെ റിപ്പോര്‍ട്ടും സംസ്ഥാനത്തെ പൊതുവികാരവും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ജനവികാരം പരിഗണിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീര്‍ണമെന്നും നിരീക്ഷകര്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടക കക്ഷികളുടെ നിലപാടും നിരീക്ഷകര്‍ ഖര്‍ഗെയെ അറിയിച്ചു.
മുകുള്‍ വാസ്‌നിക്കും അജയ് മാക്കാനും ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് അജയ് മാക്കന്‍ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദേഹം വ്യക്തമാക്കി.
അതേസമയം എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങള്‍ മുകുള്‍ വാസ്‌നിക് തള്ളി. പത്രം പുറത്ത് വിട്ടത് യഥാര്‍ത്ഥ രേഖയല്ലെന്നും അദേഹം വിശദീകരിച്ചു.