ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് പടരുന്നതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാക്കള്‍. കെ.സി വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
സംസ്ഥാന കോണ്‍ഗ്രസില്‍ വിഭാഗീയത മൂര്‍ച്ഛിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ്, മൂന്ന് നേതാക്കളും ഒരേ സ്വരത്തില്‍ രംഗത്തെത്തിയത്. തെരുവിലെ പോരുകള്‍ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നല്‍കി.
നേതാക്കള്‍ക്കായി പ്രവര്‍ത്തകര്‍ ആരും തന്നെ തെരുവില്‍ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. ഇത്തരം നീക്കങ്ങള്‍ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളെ പിന്തുണച്ച് സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഇന്ന് തന്നെ നീക്കം ചെയ്യണം.
പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രചരണങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിമരുന്നിടും. തെരുവിലെ പോരുകള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മോശമായ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. നേതാക്കളെ ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ല എന്നാല്‍ അത് സഹപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. പാര്‍ട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമ പ്രധാനമെന്നും പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.