ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയന്‍. പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംബന്ധിക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു പിണറായി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും അദേഹം മറുപടി പറഞ്ഞില്ല.
അതേസമയം കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആര്‍ക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പി.ബി യോഗത്തിന്റെ അജണ്ടയെന്നും കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും അദേഹം വ്യക്തമാക്കി.
അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി ആരാണ് എന്നതില്‍ കോണ്‍ഗ്രസില്‍ ഇനിയും തീരുമാനമായില്ല. നിലവില്‍ കെ.സി വേണുഗോപാലിന് സാധ്യത പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അണുവിട വിട്ടുവിഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സതീശന്‍ പക്ഷവും ചെന്നിത്തല പക്ഷവും.
ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വി.ഡി സതീശനും കെ.സി വേണുഗോപാലും കേരളത്തിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല ഇന്ന് തിരിക്കും. അതേസമയം പരസ്യപ്പോര് നിര്‍ത്തണമെന്ന ഹൈക്കമാന്‍ഡ് ആഹ്വാനത്തില്‍ അണികള്‍ക്ക് ഗ്രൂപ്പ് മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി. ഇനിയും പ്രകടനവും ഫ്‌ളെക്‌സും വന്നാല്‍ അത് അയോഗ്യതയായി കണക്കാക്കുമെന്നാണ് എഐസിസി നേതൃത്വത്തിന്റെ താക്കീത്.