ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 15 ന് യുഎഇ സന്ദര്‍ശിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഊര്‍ജ സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നി മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
മെയ് 15 മുതല്‍ 20 വരെ നീളുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് യുഎഇ സന്ദര്‍ശനം. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും അഞ്ച് രാഷ്ട്രങ്ങളില്‍ അദേഹം നടത്തുന്ന ഔദ്യോഗിക പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്. യുഎഇയിലുള്ള 45 ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ച നടത്തും.
ഊര്‍ജ പ്രതിസന്ധിയുടെയും മേഖലയിലെ സംഘര്‍ഷ സാഹചര്യത്തിന്റയും നിര്‍ണായക ഘട്ടത്തിലാണ് സന്ദര്‍ശനം. മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം വലിയ പിന്തുണയാണ് ഇരുരാജ്യങ്ങളും നല്‍കിയത്.