വുകാരി: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരു കേട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ തരാബ സംസ്ഥാനത്തെ വുകാരി കത്തോലിക്കാ രൂപതയില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെയുണ്ടായ വിവിധ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത് നൂറിലധികം ക്രൈസ്തവ വിശ്വാസികള്‍ക്ക്.
2025 സെപ്റ്റംബര്‍ മുതലുള്ള കണക്കാണിത്. 217 ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. അക്രമ സംഭവങ്ങളെ തുടര്‍ന്നു ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. വുകാരി രൂപത കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടലുളവാക്കുന്ന ഈ വിവരങ്ങളുള്ളത്.
തെക്കന്‍ തരാബയിലുടനീളം, പ്രത്യേകിച്ച് തകും, ഡോംഗ യാങ്തു മേഖലയിലും സായുധ കുറ്റവാളികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചതായി ബിഷപ്പ് മാര്‍ക്ക് നുസുക്വെയ്ന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന മെത്രാന്മാരുടെ മൂന്നാമത്തെ ജനറല്‍ അസംബ്ലിയ്ക്ക് പിന്നാലെയാണ് രൂപത നേരിടുന്ന വെല്ലുവിളി അദേഹം ചൂണ്ടിക്കാട്ടിയത്.
രൂപതയുടെ രേഖകള്‍ പ്രകാരം 16 വൈദികര്‍ ഉള്‍പ്പെടെ 98,000 ത്തിലധികം ആളുകളെയാണ് ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചതെന്നും 217 ക്രൈസ്തവ ദേവാലയങ്ങളും എട്ട് വൈദിക മന്ദിരങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മേഖലയില്‍ ഭൂമി കൈയേറ്റങ്ങള്‍ വര്‍ധിച്ചുവരുന്നതായും രൂപത വെളിപ്പെടുത്തി. കുടിയിറക്കപ്പെട്ടവരുടെ ഭൂമി കുറ്റവാളികള്‍ കൈയടക്കുകയാണ്. പ്രദേശത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും മുന്‍കൈയെടുക്കണമെന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും രൂപതാ നേതൃത്വം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.